ഈ ഒരു ടൈറ്റില്‍ കണ്ടാല്‍ കേരളത്തില്‍ മാത്രമേ കുടിയന്മാരുള്ളൂ എന്ന് തോന്നുമല്ലോ... അല്ല, കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും കുടിയന്മാരുണ്ട്, എന്നാല്‍ ഞാന്‍ ജീവിക്കുന്ന ഈ മണ്ണിലുള്ളവരെ കുറ്റം പറയുന്നതായിരിക്കും കുറച്ചു കൂടി ഉചിതം. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ ഈ നാട്ടിലുള്ള ഒരു വന്‍ ഭൂരിപക്ഷത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ പറയുന്നത്.
പലയിടത്തും വായിച്ച ഒരു സംഗതി പറഞ്ഞു തുടങ്ങാം. ഈ ലോകത്തില്‍ ഏറ്റവും ഐക്യവും സഹോദരസ്നേഹവും ഉള്ള ഒരു സമൂഹമാണ് കുടിയന്മാരുടെത്. അവര്‍ക്ക് ജാതിയോ മതമോ വര്‍ഗമോ എന്നൊന്നും ഭേദമില്ല, എല്ലാ കുടിയന്മാരും അവര്‍ക്ക് ഒരു പോലെയാണ്. ആഹാ, ഇതല്ലേ നമ്മുടെ പല ആചാര്യന്മാരും ആഹ്വാനം ചെയ്തു നടന്നത്. ഒരു ബിവറേജ്നു മുന്നില്‍ എന്തൊരു അച്ചടക്കത്തോടും സൗമനസ്യത്തോടും കൂടിയാണ് ഇവര്‍ നിര നിരയായി നില്‍ക്കുന്നത്. കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഭാവം അങ്ങ് മാറുകയായി. നമ്മുടെ പല നടന്മാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റാത്ത ഭാവങ്ങള്‍ കൂടി ഇവര്‍ നിഷ്പ്രയാസം അങ്ങ് കാണിച്ചു കളയും. കാണിക്കുന്നതില്‍ ഭാവങ്ങള്‍ മാത്രമല്ല, ചിലര്‍ ഭാവങ്ങളുടെ കൂടെ ശരീര ഭാഗങ്ങളും കാണിക്കും. അത് എവിടെയും ആയിക്കോട്ടെ, ഇവര്‍ക്ക് എല്ലാ സ്ഥലവും ഒരു പോലെയാണ്. അത് ബസ് സ്റ്റോപ്പ് ആയാലും ശരി, റോഡിനു നടുവിലായാലും ശരി. സത്യമായിട്ടും, ഇത് തന്നെയല്ലേ സമത്വം.
പിന്നെ ഈ വര്‍ഗത്തിനുള്ള മറ്റൊരു പ്രത്യേകത, കുടിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്ക് നില്‍ക്കാനും നടക്കാനും ഒരു രണ്ടു ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്നുള്ളതാണ്. ഈ കൂട്ടരില്‍ ചിലര്‍ മാന്യന്മാരായി നില്കുമെങ്കിലും , മറ്റു ചിലര്‍ക്ക് ഒരു കാല്‍ വെച്ചാല്‍ അടുത്തത് വെയ്ക്കാന്‍ ഒരു രണ്ടു മൂന്നു അടി അളന്നു മുറിക്കേണ്ടി വരും. സ്വാഭാവികം, കാല്‍ എവിടെയാണെന്ന് കണ്ടിട്ട് വേണ്ടേ വെയ്ക്കാന്‍. ഒരു ബസിലാണ് ഇവര്‍ കയറിയതെങ്കില്‍ കാര്യം ഉഷാറായി. ബസിനു യാത്രക്കാര്‍ കുടിയന്മാരാണോ എന്നൊക്കെ നോട്ടമുണ്ടോ? നല്ല സ്പീഡില്‍ പറപ്പിച്ചു എവിടെയെങ്കിലും ബ്രേക്ക് ഇടുമ്പോള്‍ കാണാം ബസിനുള്ളിലെ ബഹളം. ഒന്നാമതേ കുടിച്ചതാണ്, ഞാന്‍ ആരാണ് എന്ന് സ്വയം ചോദിക്കുന്ന സമയം, രണ്ടാമത് നില്ക്കാന്‍ പറ്റില്ല, ശരീരമൊക്കെ അങ്ങ് സര്‍ക്കസിലെ അഭ്യസികളുടെത് പോലെ വളയുകയും തിരിയുകയും ചെയ്യുന്ന സമയം. ഇങ്ങനെയുള്ളപ്പോള്‍ ബസ് ബ്രേക്ക് കൂടി ഇട്ടാലുള്ള സ്ഥിതിയോ. ബസ് മൊത്തം അങ്ങ് കറങ്ങി കണ്ടു തിരിച്ചു വരും. ചിലര്‍ അതിനൊന്നും നില്കില്ല, അവര്‍ക്ക് ക്ഷമയുണ്ടാകില്ല, ഒരൊറ്റ ബ്രേക്ക്‌ന്, ദേ, കിടക്കുന്നു.. ഒന്നെങ്കില്‍ നിലത്തു പരവതാനി വിരിച്ച പോലെ. അല്ലെങ്കില്‍ ഏതെങ്കിലും മൂലയ്ക്ക് ഭരണി കമിഴ്ത്തി വെച്ചത് പോലെ. പിന്നെ ഇവരുടെ ഉത്തരവാദിത്തം ബസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമാണ്. എന്ത് ചെയ്യാനാ, ല്ലേ?
ചിലര്‍ക്ക് ഈ മദ്യം അങ്ങ് കയറുമ്പോള്‍ എവിടെ നിന്നെന്നില്ലാത്ത ധൈര്യം വരും. മര്യാദയ്ക്ക് നില്ക്കാന്‍ പോലും കഴിവില്ലെങ്കിലും ഇവര്‍ പലരെയും പോരിനു വെല്ലുവിളിക്കുന്നത് കാണാം. തലയില്‍ ഒരു കുടം വെള്ളം കമിഴ്ത്തുമ്പോള്‍, കയറിയ ധൈര്യമൊക്കെ അങ്ങ് ആവിയായി തലയിലൂടെ പോകുന്നതും കാണാം. മറ്റു ചിലര്‍ക്ക് എല്ലാത്തിനോടും പുച്ചമാണ്. തങ്ങളേക്കാള്‍ വലിയവര്‍ ആരുമില്ലെന്നുള്ള ഒരു തോന്നല്‍. അവര്‍ക്ക് ആരെയും പേടിയുണ്ടാകില്ല, പോലീസിനെ ഒഴിച്ച്. മറ്റൊരു കൂട്ടരുടെ ഇഷ്ട വിനോദം എന്ന് പറയുന്നത് വാള് വെയ്ക്കലാണ്. ആരെങ്കിലും കൂട്ടിനുണ്ടെങ്കില്‍ കൂട്ടമായി വാള് വെയ്ക്കല്‍ മത്സരം തന്നെയങ്ങ് നടത്തി കളയും ഈ പുള്ളികള്‍. നിരപരാധികളുടെ മേല്‍ വാള്‍ വെച്ച് തല്ലു വാങ്ങി കൂട്ടുന്നത് ഇവരുടെ വിനോദത്തിന്റെ ഭാഗമാണ്. ഈ കിട്ടുന്ന തല്ലൊക്കെ തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ നേരെ വീട്ടില്‍ ചെന്ന് കയറി ഭാര്യയുടെ മുതുകത്തിട്ട് തീര്‍ക്കും ആ അരിശം. ചിലപോഴൊക്കെ മക്കളുടെ മേലും ഇതങ്ങു തീര്‍ക്കും.
ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലും മദ്യപന്മാരുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു ടീം ഉണ്ട്. മറ്റാരും അല്ല, നമ്മുടെ മാധ്യമങ്ങള്‍ തന്നെ. ഉത്സവ സീസണില്‍ മദ്യ വില്പന റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഇവരുടെ പ്രധാന വാര്‍ത്തയാണ്. ഇത് കാണുന്ന കുടിയന്മാര്‍ക്കുണ്ടാകുന്ന ആത്മസംതൃപ്തി എന്ത് മാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ഈ റെക്കോര്‍ഡ് അടുത്ത വട്ടം തകര്‍ക്കണമെന്ന ലക്ഷ്യത്തോട് കൂടി ഇവര്‍ മുന്നേറുമ്പോള്‍ ആര്‍ക്കാണ് ഇവരെ തടയാന്‍ കഴിയുക? ഈ ഓണത്തിനും മദ്യവില്പന റെക്കോര്‍ഡുകള്‍ തകര്‍ത്തു പുതിയ ഉയരങ്ങളില്‍ എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം. കുടിയന്മാരില്ലാത്ത കേരളമോ ഇന്ത്യയോ പണ്ട് ആരെങ്കിലും വിഭാവനം ചെയ്തിരുന്നോ ആവൊ.
ശുഭരാത്രി...