Friday, August 17, 2012

അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

ഈ കാര്യം ഒന്ന്‍ പോസ്റ്റ്‌ ചെയ്യണം എന്ന് വിചാരിച്ചിട്ട് രണ്ടു മൂന്നു ദിവസമായി , എഴുതാന്‍ ഇരിക്കുന്ന  സമയത്ത് എന്തോ, മനസ്സ് ഒന്ന്‍ പിന്നോക്കം വലിച്ചു. കഥ കുറച്ചു കൂടി നീട്ടാനായിരിക്കാം. എന്തായാലും പറഞ്ഞു വരുന്നത് ഒരു പട്ടിക്കുട്ടിയുടെ കഥയാണ്, കഥയല്ല, ജീവിതം.

അവനെ ഞാന്‍ കുറെ നാളായി കാണുന്നു. ആദ്യമൊന്നും വലിയ അടുപ്പം തോന്നിയിരുന്നില്ല, കാരണം ആള്‍ വല്യ ഗ്ലാമര്‍ താരമൊന്നുമല്ല, തെരുവില്‍ അലഞ്ഞു നടക്കുന്നവനാണ്. മൊത്തം പൊടിയൊക്കെ അടിച്ചു മണ്ണിന്റെ നിറമുള്ള ഒരു പട്ടിക്കുഞ്ഞ്‌..... ഒരു നാല് ദിവസം മുന്‍പാണ് അവനെ ശരിക്കും ഒന്ന് ശ്രദ്ധിക്കുന്നത്. നടക്കാവ് ബസ്‌ സ്റ്റോപ്പ്‌ പരിസരത്താണ് ആശാന്റെ സ്ഥിരം കുറ്റിയടിപ്പ്. അന്നും ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയില്‍ അവനെ ഞാന്‍ കണ്ടു.

ഒരാളുടെ പിന്നാലെ കളിക്കാനുള്ള ആഗ്രഹവുമായി ഓടുകയാണ് അവന്‍. ആ മനുഷ്യന്‍ അവനെ വിരട്ടി ഓടിച്ചു. കുറച്ചു പിന്നോട്ട് പോയി നിന്ന ശേഷവും നമ്മുടെ നായകന് നില്‍ക്കപൊറുതി ഇല്ല. അതിനിടയില്‍ രണ്ടു കുട്ടികള്‍ അവനുമായി കളിയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവരുടെ മാതാവ് അവരെ പിന്തിരിപ്പിച്ചു . പാവം, അങ്ങനെ നില്‍ക്കുമ്പോളാണ് മതിലിനു മുകളിലുടെ നടക്കുന്ന സ്ഥിരം ശത്രു പൂച്ചയെ കാണുന്നത്. എന്തെങ്കിലും ഷോ കാണിക്കണ്ടേ എന്ന് വിചാരിച്ചിട്ടാകണം, മൂപ്പര്‍ ഓടിപ്പോയി പൂച്ചയുടെ നേരെ രണ്ടു കുര. സംഭവം സത്യമാണ്, പൂച്ചയ്ക്ക് നമ്മുടെ നായകനേക്കാള്‍ വലുപ്പം ഒക്കെയുണ്ട്, എന്നാലും ഒരു പട്ടിയല്ലേ കുരയ്ക്കുന്നത്, ആ ഒരു പരിഗണനയെങ്കിലും കൊടുക്കണ്ടേ .. എവിടുന്ന്‍ .. പൂച്ച ഒട്ടും മൈന്‍ഡ് ചെയ്യാതെ അവിടെ തന്നെ ഇരുന്നു.

നമ്മുടെ നായകനുണ്ടായ നാണക്കേടിന് കയ്യും കണക്കുമുണ്ടോ.. വീണ്ടും അവിടെ നിന്ന് രണ്ടു കുര കൊടുത്തെങ്കിലും പിന്നെയും നാണം കെട്ടു. അവസാനം നിവൃത്തിയില്ലാതെ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. നേരം ഇരുട്ടി വരുന്നു, മഴക്കാറും ഉണ്ട്. ആനവണ്ടി വരുന്നതും കാത്തു നില്‍ക്കുകയാണ് ഞാന്‍. പിന്നെ നോക്കുമ്പോള്‍ ആശാന്‍ റോഡിന്‍റെ സൈഡില്‍ നില്‍ക്കുകയാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കി എന്തിലോ മുഴുകിയുള്ള നില്‍പ്പ്. ഇത്രയും നേരം ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കൂടുതല്‍ അടുപ്പം അപ്പോഴാണ് എനിക്ക് ഉണ്ടായത്. മത്സരിച്ച് പായുന്ന ലോകത്തെ നോക്കി കൌതുകത്തോടെ നില്‍ക്കുന്ന ആ പട്ടിക്കുഞ്ഞ്‌., ഞാന്‍ കണ്ട കാഴ്ചകളില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാം. ആ കാഴ്ച ഒപ്പിയെടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാകാം എന്റെ ജീവിതത്തിലെ നഷ്ടമുഹൂര്‍തങ്ങളില്‍ ഒന്ന്.

പെട്ടെന്നാണ് അവന്റെ ശ്രദ്ധ അത് വഴി പോയ ഒരാളുടെ മേല്‍ പതിഞ്ഞത്. കളിയുടെ പ്രായം വിട്ടു മാറാത്തതിനാലാകാം അയാളുടെ പിറകെയും അവന്‍ വെച്ച് പിടിച്ചു. തിരിഞ്ഞു നിന്ന അയാള്‍ നിലത്തു നിന്ന് ഒരു കല്ല്‌ എടുത്തു അവനെ എറിഞ്ഞു. പ്രായം കാഴ്ച്ചയെ മറച്ചതു കൊണ്ടാണോ എന്നറിയില്ല, കല്ല്‌ വേറെ എങ്ങോട്ടോ ആണ് പോയത്. തിരിഞ്ഞു നടന്ന അയാളുടെ പിറകെ വീണ്ടും വെച്ച് പിടിച്ചു നമ്മുടെ നായകന്‍.. അയാള്‍ വീണ്ടും തിരിഞ്ഞു, ഇപ്രാവശ്യം ഉന്നം തെറ്റിയില്ല. കൃത്യം അവന്റെ ഒട്ടിയ വയറിനു മേല്‍ തന്നെ ഏറു കൊണ്ടു. ഒരു വലിയ മോങ്ങലുമായി അവന്‍ തിരിഞ്ഞു ഓടിപ്പോയി , എന്റെ കണ്ണുകള്‍ക്ക് അളക്കാന്‍ പറ്റുന്നതിനേക്കാള്‍ ദൂരത്തേക്ക്.

പിന്നെ ഇന്ന് വരെ ഞാന്‍ അവനെ കണ്ടിട്ടില്ല. സ്ഥിരം സ്ഥലങ്ങളിലും പോകുന്ന വഴികളിലും എന്റെ കണ്ണുകള്‍ അവനെ അന്യേഷിചെങ്കിലും കണ്ടില്ല. ആ കല്ല്‌ എടുത്ത് എറിഞ്ഞ ആളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്, പക്ഷെ, അയാളെയും പിന്നെ കണ്ടു കിട്ടിയില്ല അയാളെ കണ്ടാല്‍ ഒന്ന് ചോദിക്കണമെന്നുണ്ട്, എന്തിനു അങ്ങനെ ചെയ്തുവെന്ന്. അയാള്‍ക്ക്‌ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും  ചെറിയ ഒരു കാര്യമായിരിക്കാം ഇത്, എനിക്ക് ഇച്ചിരി കൂടി വലിയ കാര്യമാണ്. ഇപ്പോഴും ഞാന്‍  ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്, അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???