Wednesday, August 14, 2013

എന്റെ ആദ്യത്തെ കഥ - കഥയുടെ പേര് ഇപ്പൊ പറയൂല..

സ്കൂൾ കവാടത്തിനു മുന്നിൽ നിന്ന് അവൻ മുകളിലേക്ക് നോക്കി.. ത്രിവർണ ബലൂണുകളും നാടകളും കൊണ്ട് സ്കൂളിന്റെ പേര് തന്നെ മറഞ്ഞു പോയിരിക്കുന്നു.. ഈ സ്കൂളിൽ താൻ 7 ആം  ക്ലാസ്സ്‌ വിദ്യാർഥിയായി ചേർന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു.. പണ്ട് പഠിച്ച സ്കൂളിൽ ആംഗലേയ ഭാഷ പഠിപ്പിക്കുന്ന സാർ ആ സ്കൂളിലെ കഞ്ഞിവെയ്പ്പുകാരിയുമൊത്ത് ഒളിച്ചോടിയതാണ്‌ തന്റെ ഈ പുതിയ വിദ്യാലയത്തിലേക്കുള്ള പറിച്ചുനടലിന്റെ മൂലകാരണം (അമ്മ അച്ഛനോട് അടക്കം പറയുന്നത് കേട്ടതാണ്).. ദിവസവും ഹാജർ രേഖപെടുത്തുന്ന ഏക അധ്യാപകന്റെ ഒളിച്ചോട്ടം സാബുവിന്റെ മാതാപിതാക്കളെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു .. തങ്ങളുടെ പ്രിയപുത്രനെ ആംഗലേയ ചക്രവർത്തി ആക്കണമെന്ന ആഗ്രഹം അവരെ കൊണ്ട് ചെയ്യിച്ച ക്രൂരകൃത്യമാണ് ഈ പറിച്ചുനടൽ..

*ഇത് ക്രൂരകൃത്യമാണെന്ന് എങ്ങനെ പറയാൻ കഴിയും എന്നൊരു ചോദ്യമുണ്ടെങ്കിൽ അത് അവിടെ തന്നെ വെച്ചോളൂ.. കഥാകൃത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ കടന്നു കയറി കുടിൽ കെട്ടാൻ ഞാൻ ആരെയും അനുവദിക്കില്ല..*

 വീട്ടിൽ നിന്നും സ്കൂളിലേക്ക് ഏകദേശം ഒരു മുക്കാൽ മണിക്കൂർ യാത്ര കാണും.. സ്കൂളിന് സ്വന്തമായി ഒരു ബസ്‌ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ മുഴുവനായിട്ടുള്ള രൂപം ഇന്നേ വരെ സാബുവിന് കാണാൻ സാധിച്ചിട്ടില്ല.. പലയിടങ്ങളിലായി പല ഭാഗങ്ങളും ചിതറി കിടപ്പുണ്ട്.. എന്തായാലും ബസ്‌ ഇല്ലാത്തതിനാൽ സ്കൂൾ കുട്ടികളെ കൊണ്ട് വിടാനായി വരുന്ന ഒരു വാനിലാണ് നമ്മുടെ കഥാനായകന്റെ സഞ്ചാരം.. വൈകിട്ട് വീട്ടിൽ ചെന്ന് വീടിനടുത്തുള്ള കൂട്ടുകാരുമായി കളിക്കാൻ പോകുമ്പോൾ തന്റെ സ്കൂളിന്റെ പേര് ആംഗലേയ ഭാഷയിലാക്കി പറയാൻ സാബു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. "എന്താണ്ടാ അന്റെ സ്കൂളിന്റെ പേര്" എന്ന ഉസ്മാന്റെ ചോദ്യത്തിന് തലയുയർത്തി നിന്ന് ശബ്ദം തെല്ലും പതറാതെ "ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ" എന്ന് അവൻ ഉത്തരം പറയും.. കാര്യം പറയുമ്പോൾ "ചെറുപുഷ്പം" ആണ് യഥാർത്ഥ നാമധേയം എങ്കിലും ആ ഒരു നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ സാബുവിന് കള്ളം പറയുകയല്ലാതെ വേറൊരു വഴിയുമില്ലായിരുന്നു..

അങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ടിരിക്കേ തന്റെ ചുമലിൽ ഒരു കൈ പതിയുന്നത് അവൻ അറിഞ്ഞു.. തല ചരിച്ച് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നോക്കിയ സാബുവിന്റെ കണ്മുന്നിൽ കണ്ടത് ഒരു പഴഞ്ചൻ തോൾസഞ്ചി .. തോൾ സഞ്ചിയിൽ ഉടക്കിയ അവന്റെ കണ്ണുകൾ മെല്ലെ മെല്ലെ ഇഴഞ്ഞ് കുറച്ച് കുറ്റിത്താടിയ്ക്കിടയിലൂടെ സഞ്ചരിച്ച് വട്ടക്കണ്ണടയിൽ യാത്ര അവസാനിപ്പിച്ചു.. ങാ, തോമസ്‌ മാഷ്‌.... .., ഈ സ്കൂളിലെ ആംഗലേയ പണ്ഡിതൻ.. "എന്താ കുട്ടീ ഇവിടെ ഇങ്ങനെ നില്ക്കുന്നത്, ഇന്ന് ഇൻഡിപെൻഡൻസ് ഡേ അല്ലേ, വേഗം നടന്നോളൂ, പതാക ഉയർത്താൻ സമയമായി.." ഇതും പറഞ്ഞ് തോമസ്‌ മാഷ്‌ മുന്നിൽ നടപ്പായി..  ഇൻഡിപെൻഡൻസ് ഡേ - സാബുവിന് ആ ദിവസത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നെങ്കിലും, അന്ന് പതാക ഉയർത്തി കഴിഞ്ഞാൽ മിട്ടായിയും പായസവും കിട്ടുമെന്നും, അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്നും അറിയാമായിരുന്നു.. "ഹായ് , മിട്ടായി, പായസം..." ആ സന്തോഷത്തിൽ മുന്നിൽ നടക്കുന്ന തോമസ്‌ മാഷിനെ ശരവേഗത്തിൽ മറികടന്ന് സാബു സ്കൂൾ മൈതാനത്തിലേക്ക് ഓടി.. തോമസ്‌ മാഷിന് തന്റെ വട്ടകണ്ണടയിലൂടെ കാണാൻ കഴിഞ്ഞത് തന്റെ മുന്നിൽ ഉരുണ്ട് പോകുന്ന സാബുവിനെയാണ്.. "ആർത്തിയാ തടിയന് " തോമസ്‌ മാഷ്‌ ആത്മഗധിച്ചു..

സാബു മൈതാനത്തിൽ എത്തി.. നോക്കുമ്പോൾ തന്റെ ക്ലാസിലെ എല്ലാ ആര്ത്തിപണ്ടാരങ്ങളും വരിവരിയായി നിൽക്കുന്നു .. (ഈ വരിവരി എന്ന് പറയുമ്പോൾ മൊത്തത്തിൽ ഒരു പതിനഞ്ചെണ്ണം  വരും, സാബുവിന്റെ ക്ലാസിലെ സ്ട്രെൻഗ്ത്..  മറ്റു ക്ലാസുകാർ കൂടിയാകുമ്പോൾ ഒരു നൂറ് വരുമായിരിക്കും) അവൻ തന്റെ ക്ലാസിന്റെ വരിയിൽ ഏറ്റവും പിറകിലായി നിന്ന് സുബീഷിനോട് മന്ത്രിച്ചു  "ഡാ, പായസവും മിട്ടായിയും കിട്ടൂലേ ? എന്റെ പഴയ സ്കൂളിൽ കിട്ടുമായിരുന്നു.." സുബീഷിന്റെ മറുപടി ഒരു കണ്ണിറുക്കലും ഒരു ചിരിയും പിന്നെ ഒരു "പിന്നല്ല" യും ആയിരുന്നു.. "ഹാവൂ" സാബുവിന് ശ്വാസം നേരെ വീണു.. തോമസ്‌ മാഷ്‌ സ്റ്റേജിൽ എത്തിയിരുന്നു, ഒപ്പം കറുത്ത് പൊക്കം കുറഞ്ഞ വേലായുധൻ മാഷും വെളുത്ത് മെലിഞ്ഞ ഖദീജ ടീച്ചറും പിന്നെ തന്റെ ക്ലാസ് ടീച്ചർ കൂടിയായ ഓമന ടീച്ചറും..

തോമസ്‌ മാഷ്‌ ത്രിവർണ കൊടിയുടെ ചരടിന്റെ കെട്ടഴിച്ചു താഴേക്കു വലിക്കാൻ തുടങ്ങി.. കൊടിയതാ പൊങ്ങുന്നു, പൊങ്ങി പൊങ്ങി പോകുന്നു അതിന്റെ ലക്ഷ്യത്തിലേക്ക്, ഒടുവിൽ ലക്ഷ്യത്തിൽ വെച്ച് ആ കൊടി വിടരുകയും അതിൽ നിന്ന് കുറച്ച് പൂക്കൾ താഴെ നിന്ന അധ്യാപകരുടെ തലയിൽ തന്നെ വീഴുകയും ചെയ്യുന്നു.. ത്രിവർണ പതാക ആവേശത്തിൽ പാറുന്നുണ്ട്, തോമസ്‌ മാഷ്‌ മോചിപ്പിച്ച സ്വന്തന്ത്ര കൊടി.. കൊടിയുയർത്തലിനു  ശേഷം തോമസ്‌ മാഷിന്റെ സ്വൽപം ബോറ് പ്രസംഗം, അതും അവിയൽ പരുവത്തിൽ ഇംഗ്ലീഷും മലയാളവും കൂട്ടികുഴച്ച് .. അങ്ങിനെ നിൽക്കുമ്പോഴാണ് സാബു, സ്റ്റേജിന് താഴെ കൊണ്ട് വെച്ച രണ്ട് വലിയ പാത്രങ്ങൾ ശ്രദ്ധിക്കുന്നത്.. അതെ, അത് തന്നെ, അവന്റെ മനസ്സ് മന്ത്രിച്ചു.. ഓടിപ്പോയി ആ പാത്രത്തിന്റെ മൂടി തുറന്ന് പായസത്തിലേക്ക് എടുത്ത് ചാടണമെന്നുണ്ട് , പക്ഷെ മോശമല്ലേ.. അവൻ കടിച്ചു പിടിച്ചു നിന്നു .. ഒടുവിൽ ദേശീയ ഗാനവും ശ്രുതിയൊയൊപ്പിച്ച്  പാടി കഴിഞ്ഞപ്പോൾ ഓമന ടീച്ചറുടെ വിളംബരം വന്നു "പായസവും മിട്ടായിയും കൊടുക്കാൻ തുടങ്ങുകയാണ്, എല്ലാവരും സ്റ്റേജിന് അടുത്തേക്ക് വരിക."

നിമിഷങ്ങൾക്കകം സാബു അടക്കമുള്ള എല്ലാ കുട്ടികളും സ്റ്റേജിന് മുന്നിലായി നിരന്നു.. വലിയ പാത്രത്തിൽ നിന്ന്  രണ്ട് ചെറിയ പാത്രങ്ങളിലേക്ക് വേലായുധൻ മാഷ്‌ പായസം കോരി ഒഴിച്ചു , ചെറിയ പാത്രങ്ങളിൽ നിന്ന് കുഞ്ഞു ഗ്ലാസ്സുകളിലേക്ക് പായസം ഖദീജ ടീച്ചർ പകർന്നു .. ഇത് നേരെ കുട്ടികൾക്ക് ഓമന ടീച്ചർ കൊടുത്തു കൊണ്ടിരുന്നു.. എത്ര ശ്രമിച്ചിട്ടും സാബുവിന് ഓമന ടീച്ചറുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.. തന്നെക്കാൾ മിടുക്കുള്ളവർ ആണ് പുതിയ സ്കൂളിലെ കൂട്ടുകാർ എന്ന് അവന് മനസ്സിലായി.. വലിയ പാത്രത്തിൽ പായസത്തിന്റെ അളവ് കുറയുന്നുണ്ട്.. തുടക്കത്തിൽ നേരെ നിന്ന പാത്രം ഇപ്പോൾ ചെരിഞ്ഞു തുടങ്ങിയിട്ടുണ്ട്.. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ തന്റെ വയറിനോട് താൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അതായിരിക്കും എന്ന് സാബുവിന് തോന്നി..

സാബു ഒന്ന് കൂടി ശ്രമിച്ചു ഇടിച്ചു കയറാൻ.. സാധിക്കുന്നില്ല.. അവൻ തന്റെ സൈടിലേക്ക് നോക്കി.. ദാ നിൽക്കുന്നു തന്റെ വയറിനെ പ്രതീക്ഷിച്ചു കൊണ്ട് ഒരു ചെറിയ പാത്രം നിറച്ച് പായസം.. വേലായുധൻ മാഷും ഖദീജ ടീച്ചറും ഇതിനെ തീർത്തും അവഗണിച്ച് മറ്റേ പാത്രത്തിൽ പായസം കോരി വിതരണം ചെയ്യുകയാണ്.. എന്ത് ചെയ്യണം?? അവന്‌ ആലോചിച്ച് നിൽക്കാൻ അധികം സമയം ഇല്ലായിരുന്നു.. കൂടുതൽ ഒന്നും ചിന്തിക്കാതെ മനസ്സിനെ മാറ്റി നിർത്തി വയറിന്റെ തേങ്ങലിന് അവൻ കാതോർത്തു.. ഒരൊറ്റ കൈ കൊണ്ട് ആ ചെറിയ പാത്രം പായസം കൈയടക്കി അവൻ തിരക്കിന്റെ പിറകിലേക്ക് പോയി.. ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി ആ പാത്രത്തിന്റെ വക്കിനോടു അവൻ ചുണ്ട് ചേർത്തു .. പായസം അവന്റെ വായിലുടെ ഉദരത്തിലേക്ക്  ഇരച്ചിറങ്ങി .. "സ്വൽപം സ്വാദിന് വ്യത്യാസം തോന്നിയോ? ഹേയ് , തോന്നുന്നതായിരിക്കും.." മനസ്സ് അങ്ങനെ മന്ത്രിച്ചതായി അവനു തോന്നി..

അല്ല, എന്തോ വ്യത്യാസമുണ്ട്.. വയറിൽ നിന്ന് ഒരു എരുപിരി.. എന്തൊക്കെയോ വയറിൽ ഇരച്ചു കയറുന്നതായും ഇറങ്ങുന്നതായും അവന് അനുഭവപെട്ടു.. വയറിനുള്ളിൽ പൊട്ടലുകളും ചീറ്റലുകളും ഉണ്ട്.. പെട്ടെന്നാണ് അവന് താൻ എവിടെയാണ് നില്ക്കുന്നതെന്ന് ബോധ്യമുണ്ടായത്.. നേരത്തെ കേട്ട പിള്ളേരുടെ കലപില ശബ്ദങ്ങൾ നിലച്ചിരിക്കുന്നു.. ഒരു ശ്മശാന മൂകത.. അവൻ മെല്ലെ തല ചെരിച്ചു നോക്കി.. "ഈശ്വരാ" അവന്റെ ഉള്ളിൽ നിന്ന് അല്പം ഉച്ചത്തിൽ ശബ്ദം പുറത്തേക്ക് വന്നു പോയി.. എല്ലാ കണ്ണുകളും സാബുവിന്റെ മേൽ ആയിരുന്നു.. ടീച്ചർമാരും മാഷുമാരും കുട്ടികളും എല്ലാവരും അവനെ തന്നെ നോക്കുന്നു.. അവന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. ഉള്ളിലും പുറത്തും പ്രശ്നം തന്നെ.. പെട്ടെന്നാണ് എന്തോ ഒരു ഉരുണ്ടിറക്കം തന്റെ ശരീരത്തിനുള്ളിൽ നിന്നും അവനുണ്ടായത്...

"പ്ർർർർർർർർർർർർർർർർർർർർർർ"

 പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്നതിനു മുൻപേ ദിഗന്തങ്ങൾ പൊട്ടുമാറ്‌ ഉച്ചത്തിൽ അവന്റെ പിൻഭാഗത്ത്‌ കൂടി ഒരു വളി രക്ഷപെട്ടു..

സാബുവിന് സ്വന്തം ബോധം മറയുന്നതായി തോന്നി.. അവൻ ഒന്ന് കൂടി ചെരിഞ്ഞു നോക്കി.. പിള്ളേരുടെയൊക്കെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നു, ചിലർ മുഖം ചുളിക്കുന്നു , ചിലർ തൂവാല കൊണ്ട് മൂക്ക് പൊത്തുന്നു.. പെട്ടെന്നാണ് ഇടിവെട്ട് പോലെ മറ്റൊരു ശബ്ദം അവനെ പിടിച്ചുലച്ചത്.. "സാബൂ, വാട്ട്‌ ഈസ്‌ ഇറ്റ്‌.... യു ആർ ടൂയിംഗ് ദേർ ??" ഗർജ്ജനം തോമസ്‌ മാഷിന്റെയാണ്.. ആകെ പഠിച്ചിട്ടുള്ളത് അര മുറി ആംഗലേയ ഭാഷയാണ്‌..,, എന്ത് പറയും?? ഒരു നീണ്ട ഇടവേള, ശ്മശാന മൂകത വീണ്ടും.. ഉടൻ വന്നു അടുത്ത ഗർജ്ജനം "റിപ്ളൈ മീ " .. സാബുവിന് തന്റെ ഹൃദയം  മിടിക്കുന്നത്‌ നിർത്തിയെന്ന് തോന്നി.. എന്തായാലും പറയുക തന്നെ.. ചോദിച്ചത് മുഴുവനായി മനസ്സിലാവാഞ്ഞതിനാലും പേടിയാലും, സാബുവിന്റെ ഇടറിയ ശബ്ദം ഇങ്ങനെയാണ് അതിനു മറുപടി കൊടുത്തത്..

"സാർ....... ഇറ്റ്‌.....    ഈസ്‌   എ   വളി .."

ദേഷ്യത്തിന്റെയും അന്ധാളിപ്പിന്റെയും മുഖഭാവങ്ങൾ തുറന്ന ചിരിക്ക് വഴി വെട്ടി കൊടുത്തു.. വേലായുധൻ മാഷിനു പോലും ചിരി മുട്ടി.. തന്റെ മുന്നിൽ നിന്ന് ചിരിക്കുന്ന തോമസ്‌ മാഷിനോട് അയാൾ ചോദിച്ചു .. "എന്താടോ ഇത്.." അതിനു തോമസ്‌ മാഷിന്റെ മറുപടി ഇപ്രകാരം..

"ഇന്ന് സ്വാതന്ത്ര്യ ദിനം അല്ലേടോ , അപ്പൊ വളിക്കും വേണ്ടേ സ്വാതന്ത്ര്യം??"

അവിടെ ഒരു കൂട്ടച്ചിരി പടർന്നു ...


അവിടെ കൂട്ടചിരി പടരുന്നതോടെ എന്റെ കഥ ഇവിടെ പൂർത്തിയാകുന്നു .. പാരമ്പര്യമായി ശീലിച്ചു പോന്ന 'ആദ്യം കഥയുടെ പേര് പിന്നെ കഥ' എന്നത് ഞാനായി തെറ്റിക്കുന്നു..

ഈ കഥയുടെ പേര്                     "വളിക്കും വേണ്ടേ സ്വാതന്ത്ര്യം.."




*ഇനി സാബുവിന് എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടവർക്കായി.. വലിയ പാത്രത്തിൽ നിന്ന് ചെറിയ പാത്രത്തിലേക്ക് പായസം പകരുന്നതിനിടെ ഒരു പാത്രത്തിൽ, വഴിയേ പോയ ഒരു പാറ്റ വെറുതെ ചാടി ആത്മാഹുതി നടത്തി.. പാറ്റയെ നീക്കം ചെയ്ത് ആ പായസം കളയാൻ വെച്ചതായിരുന്നു വേലായുധൻ മാഷ്‌.....,, എന്തായാലും സ്കൂളിന്റെ അധികം വൃത്തി ഒന്നും ഇല്ലാത്ത കക്കൂസിൽ നിറ ബക്കറ്റുമായി മൂന്നു വട്ടം കയറി ഇറങ്ങിയപ്പോഴാണ് സാബുവിന് അല്പം ആശ്വാസം ലഭിച്ചത്.. പിന്നീട് കുറച്ച് നാളേയ്ക്ക് പിള്ളേർ ഒന്നും ആ കക്കൂസ് ഉപയോഗിച്ചില്ല എന്നും ചില ദോഷൈദ്യക്കുകൾ പറഞ്ഞു നടപ്പുണ്ട്..*

Friday, August 17, 2012

അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

ഈ കാര്യം ഒന്ന്‍ പോസ്റ്റ്‌ ചെയ്യണം എന്ന് വിചാരിച്ചിട്ട് രണ്ടു മൂന്നു ദിവസമായി , എഴുതാന്‍ ഇരിക്കുന്ന  സമയത്ത് എന്തോ, മനസ്സ് ഒന്ന്‍ പിന്നോക്കം വലിച്ചു. കഥ കുറച്ചു കൂടി നീട്ടാനായിരിക്കാം. എന്തായാലും പറഞ്ഞു വരുന്നത് ഒരു പട്ടിക്കുട്ടിയുടെ കഥയാണ്, കഥയല്ല, ജീവിതം.

അവനെ ഞാന്‍ കുറെ നാളായി കാണുന്നു. ആദ്യമൊന്നും വലിയ അടുപ്പം തോന്നിയിരുന്നില്ല, കാരണം ആള്‍ വല്യ ഗ്ലാമര്‍ താരമൊന്നുമല്ല, തെരുവില്‍ അലഞ്ഞു നടക്കുന്നവനാണ്. മൊത്തം പൊടിയൊക്കെ അടിച്ചു മണ്ണിന്റെ നിറമുള്ള ഒരു പട്ടിക്കുഞ്ഞ്‌..... ഒരു നാല് ദിവസം മുന്‍പാണ് അവനെ ശരിക്കും ഒന്ന് ശ്രദ്ധിക്കുന്നത്. നടക്കാവ് ബസ്‌ സ്റ്റോപ്പ്‌ പരിസരത്താണ് ആശാന്റെ സ്ഥിരം കുറ്റിയടിപ്പ്. അന്നും ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയില്‍ അവനെ ഞാന്‍ കണ്ടു.

ഒരാളുടെ പിന്നാലെ കളിക്കാനുള്ള ആഗ്രഹവുമായി ഓടുകയാണ് അവന്‍. ആ മനുഷ്യന്‍ അവനെ വിരട്ടി ഓടിച്ചു. കുറച്ചു പിന്നോട്ട് പോയി നിന്ന ശേഷവും നമ്മുടെ നായകന് നില്‍ക്കപൊറുതി ഇല്ല. അതിനിടയില്‍ രണ്ടു കുട്ടികള്‍ അവനുമായി കളിയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവരുടെ മാതാവ് അവരെ പിന്തിരിപ്പിച്ചു . പാവം, അങ്ങനെ നില്‍ക്കുമ്പോളാണ് മതിലിനു മുകളിലുടെ നടക്കുന്ന സ്ഥിരം ശത്രു പൂച്ചയെ കാണുന്നത്. എന്തെങ്കിലും ഷോ കാണിക്കണ്ടേ എന്ന് വിചാരിച്ചിട്ടാകണം, മൂപ്പര്‍ ഓടിപ്പോയി പൂച്ചയുടെ നേരെ രണ്ടു കുര. സംഭവം സത്യമാണ്, പൂച്ചയ്ക്ക് നമ്മുടെ നായകനേക്കാള്‍ വലുപ്പം ഒക്കെയുണ്ട്, എന്നാലും ഒരു പട്ടിയല്ലേ കുരയ്ക്കുന്നത്, ആ ഒരു പരിഗണനയെങ്കിലും കൊടുക്കണ്ടേ .. എവിടുന്ന്‍ .. പൂച്ച ഒട്ടും മൈന്‍ഡ് ചെയ്യാതെ അവിടെ തന്നെ ഇരുന്നു.

നമ്മുടെ നായകനുണ്ടായ നാണക്കേടിന് കയ്യും കണക്കുമുണ്ടോ.. വീണ്ടും അവിടെ നിന്ന് രണ്ടു കുര കൊടുത്തെങ്കിലും പിന്നെയും നാണം കെട്ടു. അവസാനം നിവൃത്തിയില്ലാതെ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. നേരം ഇരുട്ടി വരുന്നു, മഴക്കാറും ഉണ്ട്. ആനവണ്ടി വരുന്നതും കാത്തു നില്‍ക്കുകയാണ് ഞാന്‍. പിന്നെ നോക്കുമ്പോള്‍ ആശാന്‍ റോഡിന്‍റെ സൈഡില്‍ നില്‍ക്കുകയാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കി എന്തിലോ മുഴുകിയുള്ള നില്‍പ്പ്. ഇത്രയും നേരം ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കൂടുതല്‍ അടുപ്പം അപ്പോഴാണ് എനിക്ക് ഉണ്ടായത്. മത്സരിച്ച് പായുന്ന ലോകത്തെ നോക്കി കൌതുകത്തോടെ നില്‍ക്കുന്ന ആ പട്ടിക്കുഞ്ഞ്‌., ഞാന്‍ കണ്ട കാഴ്ചകളില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാം. ആ കാഴ്ച ഒപ്പിയെടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാകാം എന്റെ ജീവിതത്തിലെ നഷ്ടമുഹൂര്‍തങ്ങളില്‍ ഒന്ന്.

പെട്ടെന്നാണ് അവന്റെ ശ്രദ്ധ അത് വഴി പോയ ഒരാളുടെ മേല്‍ പതിഞ്ഞത്. കളിയുടെ പ്രായം വിട്ടു മാറാത്തതിനാലാകാം അയാളുടെ പിറകെയും അവന്‍ വെച്ച് പിടിച്ചു. തിരിഞ്ഞു നിന്ന അയാള്‍ നിലത്തു നിന്ന് ഒരു കല്ല്‌ എടുത്തു അവനെ എറിഞ്ഞു. പ്രായം കാഴ്ച്ചയെ മറച്ചതു കൊണ്ടാണോ എന്നറിയില്ല, കല്ല്‌ വേറെ എങ്ങോട്ടോ ആണ് പോയത്. തിരിഞ്ഞു നടന്ന അയാളുടെ പിറകെ വീണ്ടും വെച്ച് പിടിച്ചു നമ്മുടെ നായകന്‍.. അയാള്‍ വീണ്ടും തിരിഞ്ഞു, ഇപ്രാവശ്യം ഉന്നം തെറ്റിയില്ല. കൃത്യം അവന്റെ ഒട്ടിയ വയറിനു മേല്‍ തന്നെ ഏറു കൊണ്ടു. ഒരു വലിയ മോങ്ങലുമായി അവന്‍ തിരിഞ്ഞു ഓടിപ്പോയി , എന്റെ കണ്ണുകള്‍ക്ക് അളക്കാന്‍ പറ്റുന്നതിനേക്കാള്‍ ദൂരത്തേക്ക്.

പിന്നെ ഇന്ന് വരെ ഞാന്‍ അവനെ കണ്ടിട്ടില്ല. സ്ഥിരം സ്ഥലങ്ങളിലും പോകുന്ന വഴികളിലും എന്റെ കണ്ണുകള്‍ അവനെ അന്യേഷിചെങ്കിലും കണ്ടില്ല. ആ കല്ല്‌ എടുത്ത് എറിഞ്ഞ ആളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്, പക്ഷെ, അയാളെയും പിന്നെ കണ്ടു കിട്ടിയില്ല അയാളെ കണ്ടാല്‍ ഒന്ന് ചോദിക്കണമെന്നുണ്ട്, എന്തിനു അങ്ങനെ ചെയ്തുവെന്ന്. അയാള്‍ക്ക്‌ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും  ചെറിയ ഒരു കാര്യമായിരിക്കാം ഇത്, എനിക്ക് ഇച്ചിരി കൂടി വലിയ കാര്യമാണ്. ഇപ്പോഴും ഞാന്‍  ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്, അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

Tuesday, February 21, 2012

അന്തമില്ലാത്ത യാത്രകള്‍......

 കിടിലന്‍ ടൈറ്റില്‍, അല്ലെ? എന്താ, ല്ലേ ടോ.. എന്നെ കൊണ്ട് പണ്ട് തൊട്ടേ ഒരു രക്ഷയും ഇല്ല. ഇടയ്ക്കിടയ്ക്ക് സാഹിത്യത്തിന്‍റെ അന്തരാത്മാവ് തേടി ഞാന്‍ ഭ്രാന്തമായ വഴികളിലുടെ സഞ്ചരിക്കാറുണ്ട്. അനന്തമായ ഇരുട്ടിന്റെ കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നഗ്നപാദനായി ഞാന്‍ സഞ്ചരിക്കാറുണ്ട്, ഒരിക്കലും കണ്ടു പിടിക്കാന്‍ സാധ്യതയില്ലാത്ത 'ഞാന്‍' എന്ന പദത്തിന്റെ പൂര്‍ണമായ അര്‍ഥം തേടി ഞാന്‍ നടക്കാറുണ്ട്. 'സൊ വാട്ട് ഈസ്‌ ദി പോയിന്റ്‌, യു ആര്‍ കമിംഗ് ടു?' എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എനിക്ക് ഉത്തരം മുട്ടി പോകും. ഇത് കണ്ടെങ്കിലും ആര്‍ക്കെങ്കിലും അലിവു തോന്നി 'ടാ, നീ തരക്കേടില്ലാതെ, അല്ല, നന്നായി എഴുതുന്നുണ്ടല്ലോ, ഈ പത്രത്തിന്റെ മെയിന്‍ എഡിറ്റര്‍ ആയിക്കോ' എന്നൊക്കെ പറഞ്ഞു കിട്ടിയാലോ? ആഹ, ഞാന്‍ തകര്‍ക്കും.

സ്വപ്‌നങ്ങള്‍ കാണൂ, കാണുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കൂ, അവ ആകാശത്തില്‍ ഉയര്‍ന്നു പറക്കട്ടെ.. എന്റെ വായില്‍ നിന്നുതിര്‍ന്ന മുത്ത്‌ മണികളല്ല, ഏതോ ഒരുവന്റെ ഫോര്‍വാര്‍ഡട് എസ് എം എസ് തര്‍ജമ ചെയ്തതാണ്. ഇതില്‍ എനിക്ക് മനസ്സിലാകാഞ്ഞതു ഈ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയാല്‍  അവ എങ്ങോട്ടെങ്കിലും ഒക്കെ പറന്നങ്ങു പോയാലോ? പിന്നെ ആ സ്വപ്നം വീണ്ടും വരണം എന്നില്ലല്ലോ. ചളി ആയിട്ട് തോന്നിയോ? ലോകത്തിന്റെ ഒരു പോക്ക്... വെറുതെ ഇരിക്കുന്നവര്‍ എന്തെങ്കിലും അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍  ഉണ്ടാക്കി പെടടയ്ക്കുകയാ. അതില്‍ സംശയം ഉന്നയിക്കുന്നവര്‍ ചളീസ്, ല്ലേ? എന്തേലും ആയികൊട്ടെ, ഇനിയിപ്പോ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് പ്രശ്നങ്ങള്‍ വേണ്ട.

ഇന്ന് ഓഫീസില്‍ കമ്പനിയെ പറ്റി പഠിക്കാന്‍ സിംഗപോരില്‍ നിന്നും കുറച്ചു ആള്‍ക്കാര്‍ വന്നിരുന്നു. കണ്ടാല്‍ അറിയാം, തനി മല്ലൂസ്. പക്ഷെ, ഇരിപ്പും നടപ്പും കണ്ടാല്‍ സായിപ്പന്മാര്‍ തോറ്റു പോകും. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍, ഉദാരമതിയായ ഞങ്ങളുടെ സ്വന്തം എച് ആര്‍ മാനേജര്‍, ശ്രീമതി നന്ദിത, എന്നെയും കൂടി വിളിപ്പിച്ചു. ചെന്ന് കയറുമ്പോള്‍ തന്നെ എല്ലാ കഴുകന്‍ കണ്ണുകളും എന്റെ നേര്‍ക്ക്‌, ഈശ്വരാ , എന്താണാവോ എന്ന് വിചാരിക്കുമ്പോള്‍ ആണ് നന്ദിത മാഡത്തിന്റെ അടുത്ത വെടി, എന്റെ നെഞ്ചത്ത് തന്നെ. 'ദിസ്‌ ഈസ് അജിന്‍, അവര്‍ സോഷ്യല്‍ മീഡിയ മാനേജര്‍'.

അറിയാതെ എന്റെ വായ തുറന്നു പോയ നിമിഷം. എല്ലാവരുടെയും കണ്ണുകള്‍ പുറത്തു ചാടിയ നിമിഷം, പലരുടെയും ചുണ്ടുകളില്‍ പുച്ഛത്തിന്റെ ചെറിയൊരു  ലാഞ്ചന മിന്നി മറഞ്ഞ നിമിഷം. ആ നിമിഷത്തിന്റെ ഒടുക്കത്തില്‍ സിംഗപോര്‍ സായിപ്പന്മാരുടെ വായില്‍ നിന്ന് അനര്‍ഗള നിര്‍ഗളമായി ആംഗലേയ ഭാഷ പ്രവഹിച്ചു തുടങ്ങി. ഒരു ധൈര്യത്തിന് വേണ്ടി എന്റെ കൈകള്‍ പാന്റിന്റെ പോക്കറ്റിലേക്ക്. അവര്‍ പറയുന്നതിന്റെ ഇടയ്ക്ക് എന്റെ മുഖത്ത് നോക്കുമ്പോള്‍  'യാ' എന്നൊരു ശബ്ദം എന്റെ വായില്‍ നിന്ന് പുറത്തേക്ക്. അങ്ങനെ  രണ്ടു മിനിട്ട് ഇടവേളകളില്ലാത്ത സംഭാഷണങ്ങള്‍ക്ക് ശേഷം ഉത്തരം പറയാനുള്ള ഊഴം എന്റേത്.

ജനനീ ജന്മഭുമി, ഇംഗ്ലീഷ് സാമ്രാജ്യം തുലയട്ടെ, എന്ന് രണ്ടു മുദ്രാവാക്യങ്ങള്‍ മനസ്സില്‍ വിളിച്ച്, നമ്മുടെ മാതൃഭാഷയില്‍ ഒരു അലക്കങ്ങു അലക്കി. ഉസ്താദ്‌ ഫ്ലാറ്റ് ആകാന്‍ ഇത് ആറാം തമ്പുരാന്‍ അല്ലാത്തത് കൊണ്ട്, മൂന്നു സിംഗപോര്‍ ഉണ്ട കണ്ണുകള്‍ എന്നെ നോക്കി പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. അതോടെ ഞാന്‍ നിര്‍ത്തി. നമ്മുടെ പ്രിയ നന്ദിത മാഡത്തിന്റെ വക തര്‍ജമ വന്നപ്പോള്‍ തള്ളി വന്ന ഉണ്ട കണ്ണുകള്‍ പിന്‍വലിഞ്ഞു. 'ഇനി ഒന്നും പറയല്ലേ' എന്ന തരത്തില്‍ പലയിടത് നിന്നും നോട്ടങ്ങള്‍., അതോടെ എല്ലാവരോടും തല കുലുക്കി പോകാന്‍ അനുവാദം ചോദിച്ചു ഞാന്‍ പുറത്തേക്ക്.

പുറത്തേക്ക് ഇറങ്ങുമ്പോഴും സംശയങ്ങള്‍ അല തല്ലുകയായിരുന്നു മനസ്സില്‍., കണ്ടാല്‍ തികഞ്ഞ മല്ലൂസ്, എന്നിട്ട് മലയാളം കേട്ടപോള്‍ അവനൊക്കെ അല്ഫുതം. അതിലെ പൊക്കം കുറഞ്ഞു കരിഞ്ഞവനെ കണ്ടാല്‍ അറിയാം അവന്റെ പേര് ഇപ്പോള്‍ ആര്‍ എ ജപ്പാന്‍ ആണെന്ന്.  കാലത്തിന്റെ പോക്ക്, ഒരു അന്തമില്ലാത്ത പോക്ക് തന്നെ. 

Wednesday, February 1, 2012

വളരുന്ന ലോകം, നശിക്കുന്ന പൈതൃകം...


പൈതൃകം.. കേട്ട് കാണാന്‍ വഴിയുണ്ട്, ല്ലേ ആ വാക്ക്. നമ്മുടെ പൂര്‍വികന്മാര്‍ കണ്ടു പിടിച്ച വാക്ക്. ഇന്നത്തെ സമൂഹം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്ക്. വാക്ക് മാത്രമാണോ നശിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍, അല്ല. പറയുവാന്‍ പലതുമുണ്ടെങ്കിലും, ഇന്ന് പറയുവാന്‍ ആഗ്രഹിക്കുന്നത്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളേയും അവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയെയും കുറിച്ച് മാത്രം.

ഭൂമി കൈയേറല്‍ ഇന്നും ഇന്നലെയും ആരംഭിച്ച ഒരു വന്‍ സംഭവം ഒന്നുമല്ല. എന്നാല്‍ അതിനു മേലുള്ള ഭൂ മാഫിയയുടെ കടന്നു കയറ്റം ആരംഭിച്ചിട്ട് അധിക കാലങ്ങള്‍ ആയിട്ടില്ല. ഇന്ന് ഭൂമി ഒരു കച്ചവടച്ചരക്കാണ്. ആര്‍ക്കു വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാവുന്ന ഒരു ആധുനിക കച്ചവടച്ചരക്ക്. ഭൂമി വാങ്ങുന്നതും അതില്‍ കെട്ടിടങ്ങള്‍ പണിയുന്നതും ഇന്നലെയും നടന്നിരുന്നത് തന്നെയാണ്. ഭൂമി എന്നൊരു ഗോളം ഉള്ളത് തന്നെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ വേണ്ടി തന്നെയാണല്ലോ. പക്ഷ, ജീവിക്കുവാന്‍ വേണ്ടി ഈ ഭൂമിയുടെ ഒരു വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നത് നല്ലതാണോ?

എവിടെ നോക്കിയാലും കെട്ടിടങ്ങളാണ്, പല നിലകളിലായി മാനം മുട്ടെ വളരുന്ന കെട്ടിടങ്ങള്‍. ഇതൊക്കെ കെട്ടി പോക്കുന്നതോ, തണല്‍ മരങ്ങളും മറ്റും നശിപ്പിച്ചിട്ടും. എന്താണ് നേട്ടം? കെട്ടിപ്പൊക്കുന്നവര്‍ക്കു നേട്ടമാണ്. മറിച്ചു വില്ക്കുമ്പോഴും വാടകയ്ക്ക് കൊടുക്കുമ്പോഴും എങ്ങനെയായാലും, കൊടുത്തതിന്റെ ഇരട്ടി തിരിച്ചു കിട്ടും. പിന്നെന്തു നോക്കണം, എന്ത് തണല്‍, എന്ത് മരം, എന്ത് ജീവന്‍. എല്ലാം പണത്തിന്റെ മേല്‍ അധിഷ്ടിതം. ഒരു മരം നട്ട് വളര്‍ത്താനുള്ള പാട് പണ്ടത്തെ ആള്‍ക്കാരോട് ചോദിച്ചാല്‍ അറിയാം. ഇന്നത്തെ സമൂഹത്തിനു എന്ത് അറിയാം? ജീവിക്കുന്നത് തന്നെ കെട്ടിപൊക്കി വെച്ച ഫ്ലാറ്റ് മുറികളില്‍. തൊട്ടടുത്ത റൂമിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ പോലും അറിയേണ്ട ആവശ്യമില്ല.

ഭൂമാഫിയകള്‍ക്ക്‌ കീഴ്പെട്ടു കൊടുക്കുമ്പോളും , നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഈ ജീവിതം കൊണ്ടെന്താണ് നാം നേടുന്നത്? ഇനി ഈ ഭൂമിയെ മുതലെടുത്ത്‌ കൊണ്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടി ഒരു വാക്ക്.. നിങ്ങള്‍ നശിപ്പിക്കുന്നത് ചെറിയ ഒരു സമൂഹത്തെ മാത്രമല്ല, പക്ഷെ, നിങ്ങള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിയെ തന്നെയാണ്, വ്യക്തമായി പറഞ്ഞാല്‍, സ്വയം കുഴി തോണ്ടല്‍.

(അടിക്കുറിപ്പ്: ഞാനും ഈ സമൂഹം നയിക്കുന്ന വഴികളിലുടെ സഞ്ചരിക്കുന്നു, എന്നെങ്കിലും...)

ആശയത്തിന് കടപ്പാട്: ശ്രീ ജമാലുദ്ധീന്‍ ഏലിയാസ്‌ ജെ.കെ

Thursday, January 12, 2012

ബസിലെ പുരുഷ സാമ്രാജ്യം

ഈ ഒരു പോസ്റ്റിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു എനിക്ക് ഒരു പിടിത്തവുമില്ല. ഇത് ആരെയും മനപൂര്‍വം താറടിച്ചു കാണിക്കണമെന്ന് വിചാരിച്ചു എഴുതുന്നതല്ല, അങ്ങനെ നിങ്ങള്‍ക്ക് ഒരാള്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം.

എന്നാ അങ്ങട് തുടങ്ങാം, ല്ലേ? ഒരു സാധാരണ മലയാളിയുടെ ഔദ്യോഗിക വാഹനം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ കിട്ടൂ. ബസ്‌. ഈ ബസിലെ യാത്രകള്‍ എന്ന് പറയുന്നത് ഒരു വല്യ സംഭവം തന്നെയാ, ട്ടോ. ഒന്നാമത്, വിവിധ തരം ആള്‍ക്കാരുടെ ഒരു സംഗമ വേദിയാണ് ബസ്‌. , രണ്ടാമത്, പല ആള്‍ക്കാരുടെയും സ്വഭാവം മനസ്സിലാക്കാനുള്ള ഒരു അവസരം നിങ്ങള്‍ക്ക് ഈ യാത്രകളില്‍ ലഭിക്കും. പണ്ട് തൊട്ടേ ശരണം ബസ്‌ യാത്ര തന്നെ ആയതിനാല്‍ പല തരത്തിലുള്ള സ്വഭാവക്കാരെ കണ്ടറിയാന്‍ നോമിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ചില പ്രത്യേക സ്വഭാവക്കാരുടെ വയസ്സ് അനുസരിച്ചുള്ള ലിസ്റ്റ് താഴെ കൊടുക്കുന്നു.

1 . പ്രായം 15 -22  വരെ.

ഇവര്‍ക്ക് സീറ്റ്‌ കിട്ടിയാലും ഇരിക്കാന്‍ താല്പര്യമുണ്ടാകില്ല. നില്ക്കാന്‍ മുന്‍ഗണന സ്ത്രീകളുടെ തൊട്ടു പിന്നിലാണ്. സ്ത്രീകള്‍ എന്ന് പറയുമ്പോള്‍ ഇന്ന പ്രായം എന്നൊന്നുമില്ല, ഒരു 15  വയസ്സ് തൊട്ടു 40  വയസ്സ് വരെയുള്ള സ്ത്രീകള്‍  ഇവരുടെ ഇരകളാണ്. അങ്ങനെ തൊട്ടും ഉരുമ്മിയും നന്നായി 'സ്നേഹിക്കാന്‍' ഇവര്‍ക്ക് വല്യ താല്‍പര്യമാണ്.

2 . പ്രായം 23 -30  വരെ.

ഇവരില്‍ ദ്വന്ദവ്യക്തിത്വം വരെ കാണാറുണ്ട്. ചിലപ്പോള്‍ സൌമനസ്യരായും മറ്റു ചിലപ്പോള്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാരായും ഇവര്‍ മാറും. ഏകദേശം ഒരു 'അന്ന്യന്‍' മോഡല്‍..., ഇതില്‍ ചിലര്‍ക്ക് വൃദ്ധന്മാരോട് പുച്ഛഭാവം ആയിരിക്കും. വയസ്സ് ഇത്രയേ ഉള്ളെങ്കിലും കിട്ടിയ സീറ്റ്‌ മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഇതില്‍ ചിലരെങ്കിലും വിമുഖത കാട്ടാറുണ്ട്‌.., ബസില്‍ നില്‍ക്കുമ്പോള്‍, തിരക്കാണെങ്കില്‍, മറ്റുള്ളവരെ ചവുട്ടുന്നതും ഉന്തുന്നതും ഇവര്‍ക്ക് ഒരു ഹരമാണ്. പക്ഷെ, ഈ പ്രായത്തില്‍ ഉള്ള ഭൂരിപക്ഷവും നല്ലവരായിരിക്കും. ഞാനും ഈ പ്രായത്തിലാണെ..

3 . പ്രായം 30 -50  വരെ.

ഇക്കൂട്ടത്തില്‍ സീറ്റ്‌ മോഹികള്‍ ആണ് കൂടുതലും. ഒരു സീറ്റ്‌ ഒഴിഞ്ഞു കണ്ടാല്‍ അവിടെ ഇക്കൂട്ടരുടെ ഒരു അടിപിടി തന്നെ നടന്നേക്കും. സാമര്‍ത്ഥ്യം ഉള്ളവന്‍ സീറ്റ്‌ നേടും. ഇല്ലാത്തവന്‍ പല്ലിറുമ്മി സൈഡില്‍ നില്‍ക്കും. ഇവരില്‍ കാണപ്പെടുന്ന മറ്റൊരു വിഭാഗം കുടിയന്മാരാണ്. കൈലി മുണ്ടും, ഷര്‍ട്ടും ആയിരിക്കും ഭൂരിപക്ഷ വേഷം. ഇവര്‍ ബാക്കിയുള്ളവര്‍ക്ക് തലവേദന ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കണ്ടക്ടറെ ചീത്ത വിളിച്ചും, ചാഞ്ഞ്‌ നില്ക്കണ മരം പോലെ 
ഇരിക്കുന്നവരുടെ മേലേക്ക് നിന്നും, വിവിധ സര്‍ക്കസ് കളികള്‍ കളിച്ചും ഇവര്‍ അഴിഞ്ഞാടും. ഈ പ്രായത്തിലും സ്ത്രീ മോഹികള്‍ക്ക് കുറവുണ്ടാകില്ല.

4 . പ്രായം 50ന് മുകളില്‍.

നാം തഴയുന്നവര്‍., ഭൂരിപക്ഷവും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവരായിരിക്കും. പക്ഷെ, ബാക്കിയുള്ള വിഭാഗക്കാര്‍ ഇവരെ തീര്‍ത്തും അങ്ങ് ഒഴിവാക്കും. ഇവര്‍ക്ക് വേണ്ടിയുള്ള സീറ്റ്‌ പോലും പലരും ഒഴിഞ്ഞു കൊടുക്കാറില്ല, പല വട്ടം നിര്‍ബന്ധിച്ചാല്‍ ഒന്ന് എഴുന്നെറ്റാലായി. ഇവരില്‍ അധികവും സാധുക്കള്‍ ആയിരിക്കുമെങ്കിലും നല്ല പേര് കളയാന്‍ വേണ്ടി ചില വിരുതന്മാര്‍ ഇവര്‍ക്കിടയിലും ഉണ്ട്.

ഇവരൊക്കെ കൂടി ചേര്‍ന്നതാണ് ബസിലെ പുരുഷ സാമ്രാജ്യം. ഈ സാമ്രാജ്യത്തിന്റെ നേടും തൂണുകളായി ഡ്രൈവറും, കണ്ടക്ടറും, പിന്നെ കിളിയും. ഇവരെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറയാം.

ഇതില്‍ എല്ലാ വിഭാഗത്തിലും നല്ലവരും ഉണ്ട് കേട്ടോ, ഇനി ഞാന്‍ ഇത് എഴുതിയെന്നും പറഞ്ഞു ആര്‍ക്കും എതിര്‍പ്പ് തോന്നേണ്ട. ഇനി എതിര്‍പ്പ് തോന്നിയാല്‍ എന്നെ അറിയിക്ക്യ, ഈ വിലാസത്തില്‍ തന്നെ ആയാല്‍ നല്ലത്. മാന്യഭാഷയാണ്‌ നമുക്ക് നല്ലത് എന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 
ഇതെന്തിനാ ഇവന്‍ ഇപ്പൊ ഈ ലിസ്റ്റ് ഒക്കെ ഉണ്ടാക്കിയതെന്ന് പലര്‍ക്കും തോന്നാം, എന്ത് ചെയ്യാനാ ഇഷ്ടാ, മനസ്സില്‍ വന്നു, എഴുതി, അത്രേയുള്ളൂ. അപ്പൊ പിന്നെ കാണാം.
ശുഭരാത്രി.

Thursday, December 15, 2011

സന്തോഷ്‌ പണ്ഡിറ്റ്‌... ഒരു ശരിയോ തെറ്റോ?


ആദ്യം തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി ചെയ്ത കുറ്റങ്ങള്‍ നമുക്കിവിടെ നിരത്തി വെച്ച് കണക്കെടുക്കാം. കണക്കില്‍ കേമനായത് കൊണ്ടല്ല, ഇതും നമ്മുടെ നാട്ടില്‍ നടക്കുന്നത് തന്നെയല്ലേ.

ഈ വ്യക്തി ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്ന് പറയുന്നത് ഒരു സിനിമ എടുത്തു എന്നുള്ളതാണ്. മറ്റൊന്ന് ഒരു സിനിമ കുറഞ്ഞ ബഡ്ജറ്റില്‍ ചെയ്തു ആരെയും കൂസാതെ വിപണിയിലിറക്കി പടം ഹിറ്റ്‌ ആക്കി എന്നത്. ഒരു സിനിമയിലെ പ്രധാനപ്പെട്ട പതിനെട്ടു മേഘലകള്‍ ഒറ്റയ്ക്ക് ചെയ്തു എന്നത് അടുത്ത കുറ്റമായി പറയാം. മലയാള സിനിമയിലെ സംഘടനകളെ വെല്ലുവിളിച്ചു കൊണ്ട് ഒറ്റയ്ക്ക് ഈ പടം വിപണിയിലെത്തിച്ചു എന്നത് മറ്റൊന്ന്. ഇനി സിനിമയിലേക്ക്.

സിനിമയുടെ പേര് എല്ലാവര്ക്കും അറിയാം.. 'കൃഷ്ണനും രാധയും'. പേര് കേട്ടാല്‍ 'ഭക്തകുചേല' പോലെ ഭക്തിസാന്ദ്രമായ പടമാണെന്ന് കരുതിയാല്‍ തെറ്റി. കാതല്‍, അഥവാ ലവ്, മലയാളത്തില്‍ പ്രണയം, എന്ന പ്രമേയം ഉള്‍കൊള്ളുന്ന ഒരു പടമാണ് ഇത്. ആദ്യം തന്നെ 'രാത്രി ശുഭരാത്രി' എന്ന ഒരു പാട്ടാണ് യുട്യുബ് എന്ന ഇന്റര്‍നെറ്റ്‌ മാധ്യമത്തില്‍ പ്രത്യക്ഷപെട്ടത്‌. പാട്ടിന്റെ ഗുണനിലവാരം കൊണ്ടും, പാട്ടില്‍ കാമുകനും കാമുകിയും നടത്തുന്ന കേളികള്‍ കൊണ്ടും, ഇതിനു ഹിറ്റ്‌ ആകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല. കാണുന്നവര്‍ തെറികള്‍ പോസ്റ്റ്‌ ചെയ്തും മറ്റും രസിച്ചു. ഒരു ആല്‍ബം പാട്ടാണ് എന്ന് കരുതിയിരുന്നവര്‍ക്ക് അധികം വൈകാതെ ആ തെറ്റ് മനസ്സിലായി. സംഗതി സീരിയസ് ആണ്. ഈ പണ്ഡിതന്‍ കല്പിച്ചു കൂട്ടി തന്നെയാണെന്ന് തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ പാട്ടിനു പുറമേ പല 'നല്ല നിലവാരമുള്ള' പാട്ടുകളും പുറത്തിറങ്ങി. കൂടാതെ ഇതൊരു സിനിമ ആണെന്നുള്ള പ്രഖ്യാപനവുമായി പണ്ഡിതന്‍ ഒരു ഇന്റര്‍വ്യൂഉം കൊടുത്തു. മലയാളികള്‍ക്ക് വേറെന്തെങ്കിലും വേണോ, പഠിച്ചതല്ലേ പാടൂ എന്ന് പറഞ്ഞത് പോലെ ഇയാള്‍ക്ക് പിന്നാലെയായി മല്ലൂസ്. ആദ്യമൊക്കെ ടീവിയില്‍ നിന്നാണെന്ന് പറഞ്ഞു കോളേജ് പിള്ളേര്‍ ഇങ്ങേരുടെ ഇന്റര്‍വ്യൂ എടുത്തു തുടങ്ങി. പിന്നാലെ ലോക്കല്‍ ചാനലുകള്‍ ഇയാള്‍ക്ക് അധികഭാരം ഇല്ലാത്തതു കൊണ്ട് തലയില്‍ കയറ്റി. പിന്നെ നടന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന മനുഷ്യന്റെ ജൈത്രയാത്രയായിരുന്നു.

 ലോക്കല്‍ ചാനലുകള്‍ക്ക് പുറമേ മുന്‍ നിര ചാനലുകള്‍ സന്തോഷിനെ അവരുടെ ക്യാമറ കണ്ണുകള്‍ക്ക്‌ മുന്നില്‍ വെച്ച് കൊടുത്തു., പണ്ട് ആരോ പാടിയത്, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം ആകണം എന്നോ ചോര തിളയ്ക്കണം എന്നോ എന്തൊക്കെയോ ആണല്ലോ. ഇപ്പോള്‍ കേരളമെന്നു കേട്ടാലല്ല, സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേട്ടാലാണ് മലയാളികളുടെ ഞരമ്പില്‍ ചോര തിളയ്ക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടാണോ അതോ  മലയാള സിനിമയുടെ അധപ്പതനത്തില്‍ മനസ്താപം തോന്നിയിട്ടാണോ എന്നറിയില്ല, മുന്‍ നിര ചാനലുകള്‍,  വാക്കുകള്‍ കൊണ്ട് ആരെയും കൊത്തിപ്പറയ്ക്കാന്‍ കഴിവുള്ള അവരവരുടെ കഴുകന്മാര്‍ക്ക് ഇരയായി സന്തോഷിനെ ഇട്ടു കൊടുത്തു. എന്നാല്‍ അവിടെ നടന്നത് നേരെ വിപരീതമാണ്, ബ്രിട്ടാസിനെയും, നികേഷിനെയും കൂടാതെ മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടി, രണ്ടു സിനിമ സംവിധാനം ചെയ്തു വീണ്ടും 'കൈ അടി' നേടിയ ബാബുരാജിനെയും സന്തോഷ്‌ മലര്‍ത്തിയടിച്ചു. ഇത് കൂടാതെ പല പ്രമുഖന്മാരും ഇദ്ദേഹത്തിന്റെ നാവിന്റെ ചൂട് ശരിക്കും അറിഞ്ഞു. വടി കൊടുത്തു അടി വാങ്ങിയ നിലയിലായി പല മാധ്യമ, ചലച്ചിത്ര പ്രവര്‍ത്തകരും. 

സത്യത്തില്‍ ഇദ്ദേഹം ചെയ്തത് ഒരു സിനിമ അഞ്ചു ലക്ഷം രൂപയ്ക്ക് എടുത്തു (നമ്മുടെ മുന്‍ നിര സംവിധായകരും പിന്‍ നിര സംവിധായകരും, കോടികള്‍ മുടക്കി ചെയ്യുന്ന കൂതറ പടങ്ങള്‍ പോലെ തന്നെ), ആളുകള്‍ സിനിമ കാണാന്‍ കയറുന്നത് കൂക്കാനായാലും, തെറി വിളിക്കാനായാലും, പടം ഹിറ്റ്‌ ആയി, ലാഭം കോടികള്‍ എത്തി, യുട്യുബ് വരുമാനം വേറെ. ഒരു സാധാരണ മലയാളി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന് സന്തോഷ്‌ തന്നെ കാണിച്ചു തന്നു, എല്ലാവര്‍ക്കുമുള്ള മോഹം സന്തോഷിനു ആയിക്കൂടെ? ഇപ്പോള്‍ ഇദ്ദേഹം അട്ത്ത സിനിമയുടെ പണിപ്പുരയിലാണ്.. അതിന്റെ പാട്ടുകളും യുട്യുബില്‍ ഇതിനോടകം ഹിറ്റ്‌ ആയി കഴിഞ്ഞു. സന്തോഷിന്റെ ജനപ്രീതിയും കൂടി വരുന്നു, പണ്ട് വിളിച്ച തെറികള്‍ ഒക്കെ കുറഞ്ഞു വരുന്നു. പണ്ഡിതന്‍ ഒരു മെഗാസ്റ്റാര്‍ ആകുകയാണോ ഈശ്വരാ? ആയിക്കോട്ടെ, രക്ഷപ്പെടുന്നവന്‍ രക്ഷപ്പെടട്ടെ, എന്ത് മാര്‍ഗം ഉപയോഗിച്ചായാലും. മാര്‍ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം എന്ന് എവിടെയോ കേട്ടിരിക്കുന്നു. അവസാനമായി, മാധ്യമങ്ങളോടും, സിനിമ ലോകത്തോടും ഒരു അപേക്ഷ. ഒരാളെ കൂട്ടം ചേര്‍ന്ന് വളഞ്ഞിട്ട് കുറ്റം പറയുമ്പോള്‍, സ്വന്തം നില എന്തെന്ന് കൂടി ശരിക്കും ചിന്തിക്കുക. ശുഭരാത്രി.

Wednesday, November 9, 2011

സ്നേഹിതാ, നിനക്കായി...

കുറെയേറെ കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാനുണ്ട്. ഞങ്ങളുടെ രണ്ടാം ബിരിയാണി മേളയിലേക്കുള്ള യാത്രയെ കുറിച്ച്, മലയാള സിനിമകളെ കുറിച്ച്, സന്തോഷ്‌ പണ്ഡിതനെ കുറിച്ച്, അങ്ങനെയങ്ങനെ ഒരുപാടു കാര്യങ്ങള്‍. എന്തെഴുതാനും അതിന്റെതായ മൂഡ്‌ വരുമ്പോഴേ പറ്റൂ. സത്യം പറഞ്ഞാല്‍ ഇതിലോന്നിനെ കുറിച്ച് എഴുതാനും എനിക്കിപ്പോള്‍ മൂഡില്ല. കാരണം ഉണ്ട്. എന്ത് കാര്യമായാലും ഒരു കാരണമുണ്ടാകണമല്ലോ, ഇതിനും കാരണമുണ്ട്.

കാരണം ഒരാളാണ്. ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടെയും പ്രിയസുഹൃത്ത്‌. അനൂപ്‌. ആശാന്‍ ഈ വരുന്ന പതിനഞ്ചാം തീയതി ഞങ്ങളോട് വിട പറയുകയാണ്. വീട്ടിലെ കുറെ പ്രാരാബ്ധങ്ങളും നല്ലൊരു ഭാവിയും ആണ് രാജി വെയ്ക്കാനുള്ള കാരണം. കാരണം എന്ത് തന്നെയായാലും ഞങ്ങള്‍ക്ക് നഷ്ടപെടുന്നത് വെറും ഒരു വീഡിയോ എഡിറ്ററെ അല്ല. ഞങ്ങളുടെ എല്ലാവരുടെയും ദുഖത്തിലും സന്തോഷത്തിലും കൂട്ട് നിന്ന ഒരു കൂട്ടുകാരനെയാണ്. ജീവിതം ആഘോഷമാക്കി തീര്‍ത്ത തമാശക്കാരനായ ഒരു ചങ്ങാതിയെയാണ്. എല്ലാ ദുഖങ്ങള്‍ക്കിടയിലും സന്തോഷം പകര്‍ന്നു തന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെയാണ്. ദൂരെയെങ്ങോട്ടും പോകുന്നില്ലെങ്കിലും ദിവസവും കണ്ടു കൊണ്ടിരുന്നവരെ പെട്ടെന്ന് കാണാതാകുമ്പോള്‍ ഉണ്ടാകുന്ന വിഷമം, അതായിരിക്കാം ഇപ്പോള്‍ എന്നെയും പിടി കൂടിയിരിക്കുന്നത്. 

ഇനി നിനക്കായി...

കുറച്ചു കാലമേ പരിചയപെട്ടിട്ട് ആയിട്ടുള്ളൂ എങ്കിലും, നീ  തന്ന ഓര്‍മ്മകള്‍ കാലങ്ങള്‍ക്ക് മായ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു മഴക്കാലത്ത്‌ ഒരു കുടക്കീഴില്‍ വന്നു നാം ചേരുമെന്നും, മഴ തോരുമ്പോള്‍ പിരിയുമെന്നും ഓര്‍ക്കാതെയല്ല കൂട്ടുകാരാ, നീ തന്ന സന്തോഷവും, നീയറിഞ്ഞ ദുഖങ്ങളും ഇനി ദിനവും പങ്കു വെയ്ക്കപ്പെടില്ലല്ലോ എന്നോര്‍ക്കുമ്പോളുള്ള ദുഃഖം. സാരമില്ല സുഹൃത്തേ, ജമാലും, പ്രവീണും, ജിപ്സയും മറ്റു പലരും പിരിഞ്ഞപ്പോളും ഇത്രയില്ലെങ്കിലും ഈ ദുഃഖം അറിഞ്ഞവര്‍ ആണ് നാം. ഇനിയും ജീവിതത്തില്‍ പലരുടെയും വരവും പോക്കും പ്രതീക്ഷിക്കാനല്ലേ നമുക്ക് കഴിയൂ. 

ഓഫീസില്‍ ഇരിക്കുമ്പോള്‍ തിരിഞ്ഞു നോക്കി നന്ബാ എന്ന് വിളിക്കാനും, രാവിലെ വന്നു ചാക്ക് വയറില്‍ ഒരിടി തരാനും, വിശക്കുമ്പോള്‍ ഒരുമിച്ചു പോയി സൗമ്യയില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും, നമ്മുടെ സൂരജിനെ പിഴിയാനും, ഓഫീസ് ടൈമില്‍ ബൈക്കില്‍ കറങ്ങാനും, പലരെയും പുച്ചിക്കാനും, തെറി വിളിക്കാനും, അങ്ങനെ പലതിനും ഇനി നീയില്ല. നന്ദി കൂട്ടുകാരാ, നന്ദി, ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന്, ഒരുപാടു സ്നേഹം തന്നതിന്, ഒരുപാടു ദുഃഖം പങ്കു വെച്ചതിന്, അങ്ങനെ എല്ലാത്തിനും എല്ലാത്തിനും. നന്മയും സ്നേഹവും നിറഞ്ഞ ഒരു നല്ല ഭാവി നിനക്കായി നേരുന്നു...