ഓഫീസില്‍ പതിവ് പോലെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുന്ന സമയത്താണ് നമ്മുടെ വീഡിയോ എഡിറ്റര്‍ ശ്രീമാന്‍ അനൂപ് ആ ഐഡിയ എടുത്തിട്ടത്. ബിരിയാണി മേള നടക്കുകയല്ലേ, ഉച്ചയ്ക്കത്തെ ഭോജനം അവിടെ നിന്നായാലോ എന്ന്. മാസത്തിന്റെ പകുതി, കൈയില്‍ അമ്പതു രൂപയുടെ ഒറ്റ നോട്ട് പോലുമില്ലാത്ത സമയത്താണ് ഇദ്ദേഹത്തിന്റെ ബിരിയാണി ഭ്രമം. ആശാന്റെ കൈയില്‍ ഇരുന്നൂറു രൂപയുണ്ട്. പക്ഷെ, ആലോചിച്ചപോള്‍ അത് പോരല്ലോ.. ബിരിയാണി മേളയല്ലേ, സാധാരണ ബിരിയാണിക്ക് പോലും നൂറു രൂപയുടെ അടുത്ത് ഉള്ളപോള്‍ അവിടെ എങ്ങനെയായാലും കൂടുകയല്ലേ ഉള്ളൂ.. എന്നാലും എവിടെ നിന്നെങ്കിലും പൈസ പിരിച്ചു പോകാം എന്നായി. ആയിക്കോട്ടെ എന്ന് ഞാനും.. എന്റെ കൈയില്‍ നിന്ന് ഒന്നും പോകാതിരിക്കുമ്പോള്‍ (ഉണ്ടെങ്കിലെ പോകൂ എന്നത് സത്യം) എനിക്ക് അങ്ങനെ പറയുന്നതില്‍ അസ്വാഭാവികത ഒന്നും തോന്നിയതുമില്ല.
അങ്ങനെ പ്ലാന്‍ ഇട്ടു ഇരിക്കുമ്പോഴാണ് ഡിസൈനര്‍ കൂടിയായ അരുണിന്റെ എന്‍ട്രി. തരക്കേടില്ലാത്ത വരുമാന മാര്‍ഗമുള്ള ഇദ്ദേഹം ഞങ്ങളുടെ ഒരു അന്നദാതാവാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാത്ത ഇദ്ദേഹത്തിനു ഒരു ചാക്ക് കണക്കെയുള്ള വയറുമുണ്ട്. ഞങ്ങളുടേത് സിക്സ് പായ്ക്ക് ആയിട്ടൊന്നുമല്ല, എന്നാലും ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ ഒരു രണ്ടു മടങ്ങ് കൂടുതല്‍ ഉണ്ട് അരുണിന്. കാര്യം അവതരിപ്പിച്ചപോള്‍ ആശാന് പെരുത്ത് സന്തോഷം. ബിരിയാണി മേളയാണ്, ഒന്‍പതു തരം ബിരിയാണി ഉണ്ടെന്നൊക്കെ കേട്ടപോള്‍ അദ്ധേഹത്തിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. അങ്ങനെ സ്ഥലവും സമയവും ഒക്കെ പത്രത്തില്‍ നോക്കി മനസ്സിലാക്കി, ഒരു ഒന്നര ആയപ്പോള്‍ ഓഫീസില്‍ നിന്നിറങ്ങി. എന്നെ അപേക്ഷിച്ച് ബാക്കി രണ്ടു പേര്‍ക്കും ബൈക്ക് ഉണ്ട്. പക്ഷെ അനൂപിന്റെ ബൈക്ക് സര്‍വീസ്നു കൊടുത്തതാണ്. പോകുന്ന വഴിയില്‍ വണ്ടി എടുക്കണം. അങ്ങനെ തല്സ്ഥിതി ഒരു ബൈക്കും മൂന്നു പേരും എന്നായി. പണ്ട് മുതലേ കാല്‍നടയാണ് എന്റെ യാത്രാമാര്‍ഗം എന്നതിനാലും ബൈക്ക് ഓടിക്കുന്നതില്‍ വലിയ പരിചയം ഇല്ലാത്തതിനാലും ഈ രണ്ടു പേരുടെയും വണ്ടിയുടെ പിന്‍സീറ്റ് ആണ് നമ്മുടെ പ്രധാന ലൊക്കേഷന്‍. അങ്ങനെ അരുണിന്റെ പിന്നില്‍ ഞാനും അതിനു പിന്നില്‍ അനൂപും കയറി യാത്ര തുടങ്ങി. മെയിന്‍ റോഡിലുടെ പോയാല്‍ കാക്കിയിട്ട ചില ആള്‍ക്കാര്‍ ഞങ്ങളെ പിടിച്ചു വെയ്ക്കാനും പൈസ പിടുങ്ങാനും സാധ്യത ഉണ്ടായിരുന്നതിനാല്‍ മറ്റൊരു റോഡ് വഴിയാക്കി യാത്ര. മൂന്നു പേര്‍ക്കും അത്യാവശ്യം വയറ് ഉള്ളതിനാല്‍ ഇരിക്കാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഇടയ്ക്ക് അരുണ്‍ എന്റെ മടിയില്‍ കയറി ഇരുന്നു മറ്റും യാത്ര ടൌണില്‍ എത്തി. അവിടെ അടുത്താണ് അനൂപിന്റെ വണ്ടി കൊടുത്ത സ്ഥലം. അത് കൊണ്ട് അവന്‍ അവിടെയിറങ്ങി വണ്ടി എടുക്കാന്‍ പോയി. ഒരു ലേഡീസ് ഹോസ്റ്റല്‍ അടുത്തുണ്ടായിരുന്നതിനാല്‍ അത് വഴി പോകുന്ന ചില തരുണീമണിമാരെ നോക്കി കൊണ്ട് ഞങ്ങള്‍ രണ്ടു പേരും അവിടെയിരുന്നു.
കുറച്ചു കഴിഞ്ഞപോള്‍ അനൂപിന്റെ ഒരു കാള്‍. സര്‍വീസ് സെന്റര്‍ല്‍ ആള്‍ ഇല്ല, എല്ലാവരും ഭക്ഷിക്കാന്‍ പോയേക്കുന്നു. ഞങ്ങളുടെ വയറിന്റെ കത്തല്‍ അവര്‍ക്ക് അറിയേണ്ട ആവശ്യമില്ലല്ലോ. എന്തായാലും സര്‍വീസ് സെന്റര്‍ല്‍ ഉള്ളവരെ മനസ്സില്‍ തെറി വിളിച്ച്, അനൂപിനോട് ഒരു ഓട്ടോ പിടിച്ചു ഹോട്ടലിലേക്ക് വരാനും പറഞ്ഞ് ഞങ്ങള്‍ രണ്ടും ബൈക്കില്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ഹോട്ടല്‍ മെസ്ബന്‍, അതാണ് പേര്. പുറമേ നിന്ന്കണ്ടാല്‍ വലിയ സംഭവമൊന്നും അല്ലെങ്കിലും ഉള്ളിലൊക്കെ വളരെ നീറ്റ് ആയി ഫര്‍ണിഷ് ചെയ്തിട്ടുണ്ട്. അധികം തിരക്കും ഇല്ലാഞ്ഞത് കൊണ്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു ആറ് സീറ്റ് ടേബിളില്‍ ഞങ്ങള്‍ സ്ഥാനമുറപ്പിച്ചു. ഒരു രണ്ടു മൂന്നു മിനിട്ടിനകം വെയ്റ്റര്‍ വന്നു. എന്താണ് വേണ്ടതെന്ന ചോദ്യത്തിന് എടുത്ത പടിയാലെ, തലശ്ശേരി ബിരിയാണി എന്നും പറഞ്ഞ് വിട്ടു.
ഒരു പതിനഞ്ചു മിനിട്ടിന്റെ സമയം കൊണ്ട് ഓര്‍ഡര്‍ ചെയ്ത തലശ്ശേരി ബിരിയാണി മുന്നിലെത്തി. കേട്ട അറിവ് വെച്ച് ഫ്രൈ ചെയ്ത ചിക്കന്‍ ആണ് ഈ ബിരിയാണിയില്‍ ഉണ്ടാകുക എന്നാണ്. പക്ഷെ, കൊണ്ട് തന്നത് സാധാരണ ചിക്കനും. അപ്പോള്‍ തന്നെ ഇത് തന്നെയാണോ പറഞ്ഞ ചിക്കന്‍ ബിരിയാണി എന്ന ചോദ്യം ചോദിച്ചെങ്കിലും 'ഇത് തന്നെയാണ് സര്‍ തലശ്ശേരി ബിരിയാണി' എന്ന മറുപടിയാണ് ലഭിച്ചത്. മറുപടി ത്രിപ്തികരമല്ലാഞ്ഞതിനാല്‍ മറ്റൊരു വെയ്റ്റര്‍ട് വീണ്ടും ഇതേ കാര്യം തന്നെ ചോദിച്ചു. ആദ്യമൊക്കെ പഴയ മറുപടി തന്നെയാണ് കിട്ടിയതെങ്കിലും ചോദ്യങ്ങള്‍ കൂടിയതോട് കൂടി അദ്ദേഹത്തിന് തന്നെ 'ഇതാണോ തലശ്ശേരി ബിരിയാണി' എന്ന സംശയം ഉണ്ടായെന്നു തോന്നുന്നു. എന്തായാലും കിട്ടിയത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞത് പോലെ, കിട്ടിയ ബിരിയാണി കൊണ്ട് തലശ്ശേരി ബിരിയാണി കഴിച്ച പ്രതീതി ഉണ്ടാക്കിയെടുത്തു.
ഒരു ലൈം ടീ കൂടി പറഞ്ഞെങ്കിലും പത്തു മിനിറ്റ് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ മറ്റു ആളുകളുടെ സൌകര്യം കൂടി കണക്കിലെടുത്ത് കൊണ്ട്, എഴുന്നേറ്റു. കൈ കഴുകി ബില്‍ അടയ്ക്കാന്‍ വേണ്ടി മുന്നില്‍ എത്തി. ഒരു ചെറുപ്പക്കാരനും ഒരു മധ്യവയസ്കനും ഉണ്ട് അവിടെ ഇരിക്കുന്നു. ബിരിയാണിയുടെ വിശദാംശം ഇവരോട് ചോദിച്ചറിയാം എന്ന് വിചാരിച്ചു ചോദിച്ചപോള്‍ രണ്ടു പേര്‍ക്കും രണ്ടു അഭിപ്രായം. ഒരാള്‍ പറഞ്ഞു ഫ്രൈ ചെയ്തതാണ് ഉണ്ടാകുക എന്നും, മറ്റൊരാള്‍ അല്ലെന്നും. കൂടുതല്‍ ബഹളമായപ്പോള്‍ ചെറുപ്പക്കാരന്റെ വക അടുത്ത കമന്റ്...'ഈ തലശ്ശേരി ബിരിയാണിയെ പറ്റി എനിക്ക് അറിയില്ല' എന്ന്. പിന്നെ നീയൊക്കെ എന്തിനാടാ ബിരിയാണി മേള വെച്ച് നടത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടിയ അവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. പിന്നെ വന്നത് മാസ്റ്റര്‍ കുക്ക്. അദ്ദേഹം കോഴികളുടെ ജനനസമയം മുതലുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നു. അധികം കേട്ട് നിന്നാല്‍ നന്നാവില്ല എന്ന് തോന്നിയ ഞങ്ങള്‍ മൂവരും പൈസയും കൊടുത്തു തിരിച്ച യാത്ര ആരംഭിച്ചു.
യാത്രയില്‍ ഉടനീളം ഒരേയൊരു സംശയം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ... എന്തിനായിരുന്നു ഇത്???
No comments:
Post a Comment