Thursday, December 15, 2011

സന്തോഷ്‌ പണ്ഡിറ്റ്‌... ഒരു ശരിയോ തെറ്റോ?


ആദ്യം തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി ചെയ്ത കുറ്റങ്ങള്‍ നമുക്കിവിടെ നിരത്തി വെച്ച് കണക്കെടുക്കാം. കണക്കില്‍ കേമനായത് കൊണ്ടല്ല, ഇതും നമ്മുടെ നാട്ടില്‍ നടക്കുന്നത് തന്നെയല്ലേ.

ഈ വ്യക്തി ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്ന് പറയുന്നത് ഒരു സിനിമ എടുത്തു എന്നുള്ളതാണ്. മറ്റൊന്ന് ഒരു സിനിമ കുറഞ്ഞ ബഡ്ജറ്റില്‍ ചെയ്തു ആരെയും കൂസാതെ വിപണിയിലിറക്കി പടം ഹിറ്റ്‌ ആക്കി എന്നത്. ഒരു സിനിമയിലെ പ്രധാനപ്പെട്ട പതിനെട്ടു മേഘലകള്‍ ഒറ്റയ്ക്ക് ചെയ്തു എന്നത് അടുത്ത കുറ്റമായി പറയാം. മലയാള സിനിമയിലെ സംഘടനകളെ വെല്ലുവിളിച്ചു കൊണ്ട് ഒറ്റയ്ക്ക് ഈ പടം വിപണിയിലെത്തിച്ചു എന്നത് മറ്റൊന്ന്. ഇനി സിനിമയിലേക്ക്.

സിനിമയുടെ പേര് എല്ലാവര്ക്കും അറിയാം.. 'കൃഷ്ണനും രാധയും'. പേര് കേട്ടാല്‍ 'ഭക്തകുചേല' പോലെ ഭക്തിസാന്ദ്രമായ പടമാണെന്ന് കരുതിയാല്‍ തെറ്റി. കാതല്‍, അഥവാ ലവ്, മലയാളത്തില്‍ പ്രണയം, എന്ന പ്രമേയം ഉള്‍കൊള്ളുന്ന ഒരു പടമാണ് ഇത്. ആദ്യം തന്നെ 'രാത്രി ശുഭരാത്രി' എന്ന ഒരു പാട്ടാണ് യുട്യുബ് എന്ന ഇന്റര്‍നെറ്റ്‌ മാധ്യമത്തില്‍ പ്രത്യക്ഷപെട്ടത്‌. പാട്ടിന്റെ ഗുണനിലവാരം കൊണ്ടും, പാട്ടില്‍ കാമുകനും കാമുകിയും നടത്തുന്ന കേളികള്‍ കൊണ്ടും, ഇതിനു ഹിറ്റ്‌ ആകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല. കാണുന്നവര്‍ തെറികള്‍ പോസ്റ്റ്‌ ചെയ്തും മറ്റും രസിച്ചു. ഒരു ആല്‍ബം പാട്ടാണ് എന്ന് കരുതിയിരുന്നവര്‍ക്ക് അധികം വൈകാതെ ആ തെറ്റ് മനസ്സിലായി. സംഗതി സീരിയസ് ആണ്. ഈ പണ്ഡിതന്‍ കല്പിച്ചു കൂട്ടി തന്നെയാണെന്ന് തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ പാട്ടിനു പുറമേ പല 'നല്ല നിലവാരമുള്ള' പാട്ടുകളും പുറത്തിറങ്ങി. കൂടാതെ ഇതൊരു സിനിമ ആണെന്നുള്ള പ്രഖ്യാപനവുമായി പണ്ഡിതന്‍ ഒരു ഇന്റര്‍വ്യൂഉം കൊടുത്തു. മലയാളികള്‍ക്ക് വേറെന്തെങ്കിലും വേണോ, പഠിച്ചതല്ലേ പാടൂ എന്ന് പറഞ്ഞത് പോലെ ഇയാള്‍ക്ക് പിന്നാലെയായി മല്ലൂസ്. ആദ്യമൊക്കെ ടീവിയില്‍ നിന്നാണെന്ന് പറഞ്ഞു കോളേജ് പിള്ളേര്‍ ഇങ്ങേരുടെ ഇന്റര്‍വ്യൂ എടുത്തു തുടങ്ങി. പിന്നാലെ ലോക്കല്‍ ചാനലുകള്‍ ഇയാള്‍ക്ക് അധികഭാരം ഇല്ലാത്തതു കൊണ്ട് തലയില്‍ കയറ്റി. പിന്നെ നടന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന മനുഷ്യന്റെ ജൈത്രയാത്രയായിരുന്നു.

 ലോക്കല്‍ ചാനലുകള്‍ക്ക് പുറമേ മുന്‍ നിര ചാനലുകള്‍ സന്തോഷിനെ അവരുടെ ക്യാമറ കണ്ണുകള്‍ക്ക്‌ മുന്നില്‍ വെച്ച് കൊടുത്തു., പണ്ട് ആരോ പാടിയത്, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം ആകണം എന്നോ ചോര തിളയ്ക്കണം എന്നോ എന്തൊക്കെയോ ആണല്ലോ. ഇപ്പോള്‍ കേരളമെന്നു കേട്ടാലല്ല, സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേട്ടാലാണ് മലയാളികളുടെ ഞരമ്പില്‍ ചോര തിളയ്ക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടാണോ അതോ  മലയാള സിനിമയുടെ അധപ്പതനത്തില്‍ മനസ്താപം തോന്നിയിട്ടാണോ എന്നറിയില്ല, മുന്‍ നിര ചാനലുകള്‍,  വാക്കുകള്‍ കൊണ്ട് ആരെയും കൊത്തിപ്പറയ്ക്കാന്‍ കഴിവുള്ള അവരവരുടെ കഴുകന്മാര്‍ക്ക് ഇരയായി സന്തോഷിനെ ഇട്ടു കൊടുത്തു. എന്നാല്‍ അവിടെ നടന്നത് നേരെ വിപരീതമാണ്, ബ്രിട്ടാസിനെയും, നികേഷിനെയും കൂടാതെ മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടി, രണ്ടു സിനിമ സംവിധാനം ചെയ്തു വീണ്ടും 'കൈ അടി' നേടിയ ബാബുരാജിനെയും സന്തോഷ്‌ മലര്‍ത്തിയടിച്ചു. ഇത് കൂടാതെ പല പ്രമുഖന്മാരും ഇദ്ദേഹത്തിന്റെ നാവിന്റെ ചൂട് ശരിക്കും അറിഞ്ഞു. വടി കൊടുത്തു അടി വാങ്ങിയ നിലയിലായി പല മാധ്യമ, ചലച്ചിത്ര പ്രവര്‍ത്തകരും. 

സത്യത്തില്‍ ഇദ്ദേഹം ചെയ്തത് ഒരു സിനിമ അഞ്ചു ലക്ഷം രൂപയ്ക്ക് എടുത്തു (നമ്മുടെ മുന്‍ നിര സംവിധായകരും പിന്‍ നിര സംവിധായകരും, കോടികള്‍ മുടക്കി ചെയ്യുന്ന കൂതറ പടങ്ങള്‍ പോലെ തന്നെ), ആളുകള്‍ സിനിമ കാണാന്‍ കയറുന്നത് കൂക്കാനായാലും, തെറി വിളിക്കാനായാലും, പടം ഹിറ്റ്‌ ആയി, ലാഭം കോടികള്‍ എത്തി, യുട്യുബ് വരുമാനം വേറെ. ഒരു സാധാരണ മലയാളി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന് സന്തോഷ്‌ തന്നെ കാണിച്ചു തന്നു, എല്ലാവര്‍ക്കുമുള്ള മോഹം സന്തോഷിനു ആയിക്കൂടെ? ഇപ്പോള്‍ ഇദ്ദേഹം അട്ത്ത സിനിമയുടെ പണിപ്പുരയിലാണ്.. അതിന്റെ പാട്ടുകളും യുട്യുബില്‍ ഇതിനോടകം ഹിറ്റ്‌ ആയി കഴിഞ്ഞു. സന്തോഷിന്റെ ജനപ്രീതിയും കൂടി വരുന്നു, പണ്ട് വിളിച്ച തെറികള്‍ ഒക്കെ കുറഞ്ഞു വരുന്നു. പണ്ഡിതന്‍ ഒരു മെഗാസ്റ്റാര്‍ ആകുകയാണോ ഈശ്വരാ? ആയിക്കോട്ടെ, രക്ഷപ്പെടുന്നവന്‍ രക്ഷപ്പെടട്ടെ, എന്ത് മാര്‍ഗം ഉപയോഗിച്ചായാലും. മാര്‍ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം എന്ന് എവിടെയോ കേട്ടിരിക്കുന്നു. അവസാനമായി, മാധ്യമങ്ങളോടും, സിനിമ ലോകത്തോടും ഒരു അപേക്ഷ. ഒരാളെ കൂട്ടം ചേര്‍ന്ന് വളഞ്ഞിട്ട് കുറ്റം പറയുമ്പോള്‍, സ്വന്തം നില എന്തെന്ന് കൂടി ശരിക്കും ചിന്തിക്കുക. ശുഭരാത്രി.

Wednesday, November 9, 2011

സ്നേഹിതാ, നിനക്കായി...

കുറെയേറെ കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാനുണ്ട്. ഞങ്ങളുടെ രണ്ടാം ബിരിയാണി മേളയിലേക്കുള്ള യാത്രയെ കുറിച്ച്, മലയാള സിനിമകളെ കുറിച്ച്, സന്തോഷ്‌ പണ്ഡിതനെ കുറിച്ച്, അങ്ങനെയങ്ങനെ ഒരുപാടു കാര്യങ്ങള്‍. എന്തെഴുതാനും അതിന്റെതായ മൂഡ്‌ വരുമ്പോഴേ പറ്റൂ. സത്യം പറഞ്ഞാല്‍ ഇതിലോന്നിനെ കുറിച്ച് എഴുതാനും എനിക്കിപ്പോള്‍ മൂഡില്ല. കാരണം ഉണ്ട്. എന്ത് കാര്യമായാലും ഒരു കാരണമുണ്ടാകണമല്ലോ, ഇതിനും കാരണമുണ്ട്.

കാരണം ഒരാളാണ്. ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടെയും പ്രിയസുഹൃത്ത്‌. അനൂപ്‌. ആശാന്‍ ഈ വരുന്ന പതിനഞ്ചാം തീയതി ഞങ്ങളോട് വിട പറയുകയാണ്. വീട്ടിലെ കുറെ പ്രാരാബ്ധങ്ങളും നല്ലൊരു ഭാവിയും ആണ് രാജി വെയ്ക്കാനുള്ള കാരണം. കാരണം എന്ത് തന്നെയായാലും ഞങ്ങള്‍ക്ക് നഷ്ടപെടുന്നത് വെറും ഒരു വീഡിയോ എഡിറ്ററെ അല്ല. ഞങ്ങളുടെ എല്ലാവരുടെയും ദുഖത്തിലും സന്തോഷത്തിലും കൂട്ട് നിന്ന ഒരു കൂട്ടുകാരനെയാണ്. ജീവിതം ആഘോഷമാക്കി തീര്‍ത്ത തമാശക്കാരനായ ഒരു ചങ്ങാതിയെയാണ്. എല്ലാ ദുഖങ്ങള്‍ക്കിടയിലും സന്തോഷം പകര്‍ന്നു തന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെയാണ്. ദൂരെയെങ്ങോട്ടും പോകുന്നില്ലെങ്കിലും ദിവസവും കണ്ടു കൊണ്ടിരുന്നവരെ പെട്ടെന്ന് കാണാതാകുമ്പോള്‍ ഉണ്ടാകുന്ന വിഷമം, അതായിരിക്കാം ഇപ്പോള്‍ എന്നെയും പിടി കൂടിയിരിക്കുന്നത്. 

ഇനി നിനക്കായി...

കുറച്ചു കാലമേ പരിചയപെട്ടിട്ട് ആയിട്ടുള്ളൂ എങ്കിലും, നീ  തന്ന ഓര്‍മ്മകള്‍ കാലങ്ങള്‍ക്ക് മായ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു മഴക്കാലത്ത്‌ ഒരു കുടക്കീഴില്‍ വന്നു നാം ചേരുമെന്നും, മഴ തോരുമ്പോള്‍ പിരിയുമെന്നും ഓര്‍ക്കാതെയല്ല കൂട്ടുകാരാ, നീ തന്ന സന്തോഷവും, നീയറിഞ്ഞ ദുഖങ്ങളും ഇനി ദിനവും പങ്കു വെയ്ക്കപ്പെടില്ലല്ലോ എന്നോര്‍ക്കുമ്പോളുള്ള ദുഃഖം. സാരമില്ല സുഹൃത്തേ, ജമാലും, പ്രവീണും, ജിപ്സയും മറ്റു പലരും പിരിഞ്ഞപ്പോളും ഇത്രയില്ലെങ്കിലും ഈ ദുഃഖം അറിഞ്ഞവര്‍ ആണ് നാം. ഇനിയും ജീവിതത്തില്‍ പലരുടെയും വരവും പോക്കും പ്രതീക്ഷിക്കാനല്ലേ നമുക്ക് കഴിയൂ. 

ഓഫീസില്‍ ഇരിക്കുമ്പോള്‍ തിരിഞ്ഞു നോക്കി നന്ബാ എന്ന് വിളിക്കാനും, രാവിലെ വന്നു ചാക്ക് വയറില്‍ ഒരിടി തരാനും, വിശക്കുമ്പോള്‍ ഒരുമിച്ചു പോയി സൗമ്യയില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും, നമ്മുടെ സൂരജിനെ പിഴിയാനും, ഓഫീസ് ടൈമില്‍ ബൈക്കില്‍ കറങ്ങാനും, പലരെയും പുച്ചിക്കാനും, തെറി വിളിക്കാനും, അങ്ങനെ പലതിനും ഇനി നീയില്ല. നന്ദി കൂട്ടുകാരാ, നന്ദി, ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന്, ഒരുപാടു സ്നേഹം തന്നതിന്, ഒരുപാടു ദുഃഖം പങ്കു വെച്ചതിന്, അങ്ങനെ എല്ലാത്തിനും എല്ലാത്തിനും. നന്മയും സ്നേഹവും നിറഞ്ഞ ഒരു നല്ല ഭാവി നിനക്കായി നേരുന്നു... 

Sunday, October 16, 2011

ബിരിയാണി മേളയിലേക്ക് ഒരു യാത്ര...




ഓഫീസില്‍ പതിവ് പോലെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുന്ന സമയത്താണ് നമ്മുടെ വീഡിയോ എഡിറ്റര്‍ ശ്രീമാന്‍ അനൂപ്‌ ആ ഐഡിയ എടുത്തിട്ടത്. ബിരിയാണി മേള നടക്കുകയല്ലേ, ഉച്ചയ്ക്കത്തെ ഭോജനം അവിടെ നിന്നായാലോ എന്ന്. മാസത്തിന്റെ പകുതി, കൈയില്‍ അമ്പതു രൂപയുടെ ഒറ്റ നോട്ട് പോലുമില്ലാത്ത സമയത്താണ് ഇദ്ദേഹത്തിന്റെ ബിരിയാണി ഭ്രമം. ആശാന്റെ കൈയില്‍ ഇരുന്നൂറു രൂപയുണ്ട്. പക്ഷെ, ആലോചിച്ചപോള്‍ അത് പോരല്ലോ.. ബിരിയാണി മേളയല്ലേ, സാധാരണ ബിരിയാണിക്ക് പോലും നൂറു രൂപയുടെ അടുത്ത് ഉള്ളപോള്‍ അവിടെ എങ്ങനെയായാലും കൂടുകയല്ലേ ഉള്ളൂ.. എന്നാലും എവിടെ നിന്നെങ്കിലും പൈസ പിരിച്ചു പോകാം എന്നായി. ആയിക്കോട്ടെ എന്ന് ഞാനും.. എന്റെ കൈയില്‍ നിന്ന് ഒന്നും പോകാതിരിക്കുമ്പോള്‍ (ഉണ്ടെങ്കിലെ പോകൂ എന്നത് സത്യം) എനിക്ക് അങ്ങനെ പറയുന്നതില്‍ അസ്വാഭാവികത ഒന്നും തോന്നിയതുമില്ല.

അങ്ങനെ പ്ലാന്‍ ഇട്ടു ഇരിക്കുമ്പോഴാണ് ഡിസൈനര്‍ കൂടിയായ അരുണിന്റെ എന്‍ട്രി. തരക്കേടില്ലാത്ത വരുമാന മാര്‍ഗമുള്ള ഇദ്ദേഹം ഞങ്ങളുടെ ഒരു അന്നദാതാവാണ്‌  എന്ന് പറയുന്നതില്‍ തെറ്റില്ല. മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാത്ത ഇദ്ദേഹത്തിനു ഒരു ചാക്ക് കണക്കെയുള്ള വയറുമുണ്ട്. ഞങ്ങളുടേത് സിക്സ് പായ്ക്ക് ആയിട്ടൊന്നുമല്ല, എന്നാലും ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ ഒരു രണ്ടു മടങ്ങ്‌ കൂടുതല്‍ ഉണ്ട് അരുണിന്. കാര്യം അവതരിപ്പിച്ചപോള്‍ ആശാന് പെരുത്ത്‌ സന്തോഷം. ബിരിയാണി മേളയാണ്, ഒന്‍പതു തരം ബിരിയാണി ഉണ്ടെന്നൊക്കെ കേട്ടപോള്‍ അദ്ധേഹത്തിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. അങ്ങനെ സ്ഥലവും സമയവും ഒക്കെ പത്രത്തില്‍ നോക്കി മനസ്സിലാക്കി, ഒരു ഒന്നര ആയപ്പോള്‍ ഓഫീസില്‍ നിന്നിറങ്ങി. എന്നെ അപേക്ഷിച്ച് ബാക്കി രണ്ടു പേര്‍ക്കും ബൈക്ക് ഉണ്ട്. പക്ഷെ അനൂപിന്റെ ബൈക്ക് സര്‍വീസ്നു കൊടുത്തതാണ്. പോകുന്ന വഴിയില്‍ വണ്ടി എടുക്കണം. അങ്ങനെ തല്സ്ഥിതി ഒരു ബൈക്കും മൂന്നു പേരും എന്നായി. പണ്ട് മുതലേ കാല്‍നടയാണ് എന്റെ യാത്രാമാര്‍ഗം എന്നതിനാലും ബൈക്ക് ഓടിക്കുന്നതില്‍ വലിയ പരിചയം ഇല്ലാത്തതിനാലും ഈ രണ്ടു പേരുടെയും വണ്ടിയുടെ പിന്‍സീറ്റ്‌ ആണ് നമ്മുടെ പ്രധാന ലൊക്കേഷന്‍. അങ്ങനെ അരുണിന്റെ പിന്നില്‍ ഞാനും അതിനു പിന്നില്‍ അനൂപും കയറി യാത്ര തുടങ്ങി. മെയിന്‍ റോഡിലുടെ പോയാല്‍ കാക്കിയിട്ട ചില ആള്‍ക്കാര്‍ ഞങ്ങളെ പിടിച്ചു വെയ്ക്കാനും പൈസ പിടുങ്ങാനും സാധ്യത ഉണ്ടായിരുന്നതിനാല്‍ മറ്റൊരു റോഡ്‌ വഴിയാക്കി യാത്ര. മൂന്നു പേര്‍ക്കും അത്യാവശ്യം വയറ് ഉള്ളതിനാല്‍ ഇരിക്കാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഇടയ്ക്ക് അരുണ്‍ എന്റെ മടിയില്‍ കയറി ഇരുന്നു മറ്റും യാത്ര ടൌണില്‍ എത്തി. അവിടെ അടുത്താണ് അനൂപിന്റെ വണ്ടി കൊടുത്ത സ്ഥലം. അത് കൊണ്ട് അവന്‍ അവിടെയിറങ്ങി വണ്ടി എടുക്കാന്‍ പോയി. ഒരു ലേഡീസ് ഹോസ്റ്റല്‍ അടുത്തുണ്ടായിരുന്നതിനാല്‍ അത് വഴി പോകുന്ന ചില തരുണീമണിമാരെ നോക്കി കൊണ്ട് ഞങ്ങള്‍ രണ്ടു പേരും അവിടെയിരുന്നു.

കുറച്ചു കഴിഞ്ഞപോള്‍ അനൂപിന്റെ ഒരു കാള്‍. സര്‍വീസ് സെന്റര്‍ല്‍ ആള്‍ ഇല്ല, എല്ലാവരും ഭക്ഷിക്കാന്‍ പോയേക്കുന്നു. ഞങ്ങളുടെ വയറിന്റെ കത്തല്‍ അവര്‍ക്ക് അറിയേണ്ട ആവശ്യമില്ലല്ലോ. എന്തായാലും സര്‍വീസ് സെന്റര്‍ല്‍ ഉള്ളവരെ മനസ്സില്‍ തെറി വിളിച്ച്, അനൂപിനോട് ഒരു ഓട്ടോ പിടിച്ചു ഹോട്ടലിലേക്ക് വരാനും പറഞ്ഞ് ഞങ്ങള്‍ രണ്ടും ബൈക്കില്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ഹോട്ടല്‍ മെസ്ബന്‍, അതാണ് പേര്. പുറമേ നിന്ന്കണ്ടാല്‍ വലിയ സംഭവമൊന്നും അല്ലെങ്കിലും ഉള്ളിലൊക്കെ വളരെ നീറ്റ് ആയി ഫര്‍ണിഷ് ചെയ്തിട്ടുണ്ട്. അധികം തിരക്കും ഇല്ലാഞ്ഞത് കൊണ്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു ആറ് സീറ്റ്‌ ടേബിളില്‍ ഞങ്ങള്‍ സ്ഥാനമുറപ്പിച്ചു. ഒരു രണ്ടു മൂന്നു മിനിട്ടിനകം വെയ്റ്റര്‍ വന്നു. എന്താണ് വേണ്ടതെന്ന ചോദ്യത്തിന് എടുത്ത പടിയാലെ, തലശ്ശേരി ബിരിയാണി എന്നും പറഞ്ഞ് വിട്ടു.

 ഒരു പതിനഞ്ചു മിനിട്ടിന്റെ സമയം കൊണ്ട് ഓര്‍ഡര്‍ ചെയ്ത തലശ്ശേരി ബിരിയാണി മുന്നിലെത്തി. കേട്ട അറിവ് വെച്ച് ഫ്രൈ ചെയ്ത ചിക്കന്‍ ആണ് ഈ ബിരിയാണിയില്‍ ഉണ്ടാകുക എന്നാണ്. പക്ഷെ, കൊണ്ട് തന്നത് സാധാരണ ചിക്കനും. അപ്പോള്‍ തന്നെ ഇത് തന്നെയാണോ പറഞ്ഞ ചിക്കന്‍ ബിരിയാണി എന്ന ചോദ്യം ചോദിച്ചെങ്കിലും 'ഇത് തന്നെയാണ് സര്‍ തലശ്ശേരി ബിരിയാണി' എന്ന മറുപടിയാണ്‌ ലഭിച്ചത്. മറുപടി ത്രിപ്തികരമല്ലാഞ്ഞതിനാല്‍ മറ്റൊരു വെയ്റ്റര്‍ട്‌ വീണ്ടും ഇതേ കാര്യം തന്നെ ചോദിച്ചു. ആദ്യമൊക്കെ പഴയ മറുപടി തന്നെയാണ് കിട്ടിയതെങ്കിലും ചോദ്യങ്ങള്‍ കൂടിയതോട് കൂടി അദ്ദേഹത്തിന് തന്നെ 'ഇതാണോ തലശ്ശേരി ബിരിയാണി' എന്ന സംശയം ഉണ്ടായെന്നു തോന്നുന്നു. എന്തായാലും കിട്ടിയത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞത് പോലെ, കിട്ടിയ ബിരിയാണി കൊണ്ട് തലശ്ശേരി ബിരിയാണി കഴിച്ച പ്രതീതി ഉണ്ടാക്കിയെടുത്തു.

ഒരു ലൈം ടീ കൂടി പറഞ്ഞെങ്കിലും പത്തു മിനിറ്റ് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ മറ്റു ആളുകളുടെ സൌകര്യം കൂടി കണക്കിലെടുത്ത് കൊണ്ട്, എഴുന്നേറ്റു. കൈ കഴുകി ബില്‍ അടയ്ക്കാന്‍ വേണ്ടി മുന്നില്‍ എത്തി. ഒരു ചെറുപ്പക്കാരനും ഒരു മധ്യവയസ്കനും ഉണ്ട് അവിടെ ഇരിക്കുന്നു. ബിരിയാണിയുടെ വിശദാംശം ഇവരോട് ചോദിച്ചറിയാം എന്ന് വിചാരിച്ചു ചോദിച്ചപോള്‍ രണ്ടു പേര്‍ക്കും രണ്ടു അഭിപ്രായം. ഒരാള്‍ പറഞ്ഞു ഫ്രൈ ചെയ്തതാണ് ഉണ്ടാകുക എന്നും, മറ്റൊരാള്‍ അല്ലെന്നും. കൂടുതല്‍ ബഹളമായപ്പോള്‍ ചെറുപ്പക്കാരന്റെ വക അടുത്ത കമന്റ്‌...'ഈ തലശ്ശേരി  ബിരിയാണിയെ പറ്റി എനിക്ക് അറിയില്ല' എന്ന്. പിന്നെ നീയൊക്കെ എന്തിനാടാ ബിരിയാണി മേള വെച്ച് നടത്തുന്നത് എന്ന്  ചോദിച്ചപ്പോള്‍ ഉത്തരം മുട്ടിയ അവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. പിന്നെ വന്നത് മാസ്റ്റര്‍ കുക്ക്. അദ്ദേഹം കോഴികളുടെ ജനനസമയം മുതലുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നു. അധികം കേട്ട് നിന്നാല്‍ നന്നാവില്ല എന്ന് തോന്നിയ ഞങ്ങള്‍  മൂവരും പൈസയും കൊടുത്തു തിരിച്ച യാത്ര ആരംഭിച്ചു.

യാത്രയില്‍ ഉടനീളം ഒരേയൊരു സംശയം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ... എന്തിനായിരുന്നു ഇത്???

Friday, October 14, 2011

ജീവിതം - ഒരു മിഥ്യയോ യാഥാര്‍ത്ഥ്യമോ?

ഈ ബ്ലോഗ്‌ ഇന്ന് വൈകുന്നേരം ഏഴര വരെ എഴുതണമെന്നുള്ള ഒരു തോന്നലും ഉണ്ടായിരുന്നില്ല.

ഇന്ന് നല്ല മഴ ആയിരുന്നു. മഴ എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴ. അമ്മ പറയുന്നതൊക്കെ എതിര്‍ക്കാനുള്ള ഒരു തോന്നല്‍ ജന്മനാ തന്നെ എന്നില്‍ ഉടലെടുത്തതിനാലും, എങ്ങോട്ടെങ്കിലും പോകുമ്പോള്‍ കൈയില്‍ എന്തെങ്കിലും പിടിക്കുന്ന പഴഞ്ചന്‍ ഏര്‍പ്പാടുകളോട് പണ്ട് മുതലേ പുച്ഛം ആയതിനാലും ആയിരിക്കാം, രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 'കുട എടുത്തോ കണ്ണാ' എന്ന് അമ്മ പറഞ്ഞപ്പോള്‍ 'വേണ്ടാ' എന്ന് പറഞ്ഞത്. എന്തായാലും കുട എടുക്കാതെ ഇറങ്ങി പോന്നത് ഒരു തെറ്റായി പോയി എന്ന് വൈകിട്ട് ഒരു ഏഴു മണി വരെയും എനിക്ക് തോന്നിയില്ലായിരുന്നു, എന്റെ ഒരു സുഹൃത്തിനെ നടക്കാവ് വെച്ച് കാണുന്നത് വരെ.വന്നു നിന്ന ബസില്‍ കയറാതെ അവനോടു സംസാരിച്ചു നിന്ന എനിക്ക് അപ്പോള്‍ ഒരു മഴ വരുന്നതായി തോന്നിയത് പോലുമില്ല. സംസാരിച്ചു തുടങ്ങി ഒരു രണ്ടു മിനിട്ടിനുള്ളില്‍ ശക്തമായ മഴ പെയ്യാനും തുടങ്ങി. മഴയില്‍ നിന്ന് രക്ഷപെടാന്‍ ഞങ്ങള്‍ രണ്ടു പേരും ഓടി അപ്പുറത്തുള്ള ബസ്‌ സ്റ്റോപ്പില്‍ കയറി.

ബസ്‌ സ്റ്റോപ്പില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. കോര്‍പറേഷന്‍ന്റെ ബസ്‌ സ്റ്റോപ്പ്‌ ആയതിനാല്‍ തന്നെ, ഉള്ളില്‍ എഫ് എം അവതാരികയുടെ ചളികളുടെ കൂടെ മഴവെള്ളത്തിനു ഊര്‍ന്നിറങ്ങാന്‍ പാകത്തിനുള്ള പഴുതുകളും മേല്‍ക്കൂരയ്ക്ക് ഉണ്ട്. ആയതിനാല്‍ പുറത്തു മഴ കൊണ്ട് നില്‍ക്കുന്നതാണോ, അതോ, അകത്തു മഴവെള്ളം തലയില്‍ വീഴുന്നത് സഹിച്ചു നില്‍ക്കുന്നതാണോ നല്ലത് എന്ന ഒരു ആശയ കുഴപ്പം ഉണ്ടായി. സഹനമാണ് ജീവിതത്തെ ജീവിതമാക്കുന്നത്  എന്നൊക്കെ പറഞ്ഞ പലരെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട്, കോര്‍പറേഷന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ആ ബസ്‌ സ്റ്റോപ്പില്‍ തന്നെയങ്ങ് നിന്നു.

ഈ സമയത്താണ് നമ്മുടെ കഥാനായകനെ ഞാന്‍ കാണുന്നത്. അദ്ദേഹം, ഈ പെരുമഴയത്തും എവിടെയെങ്കിലും കയറി നില്‍ക്കുന്നതിനു പകരം റോഡ്‌ ക്രോസ് ചെയ്യുകയാണ്, അതും ചാടി ചാടി. കഥാനായകന്‍ ഒരു തവള തന്നെയാണ്, കേട്ടോ. വാഹനങ്ങളുടെ തിരക്ക് കുറഞ്ഞ സമയമായതിനാലും മഴ കാരണം അധികം സ്പീഡില്‍ വണ്ടികള്‍ പോകാതിരുന്നതിനാലും വല്യ കുഴപ്പങ്ങളൊന്നും കൂടാതെ റോഡിന്‍റെ നടുവില്‍ എത്തി ചേരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യരെ പോലെ തന്നെ വാഹനം വരുന്നുണ്ടോ എന്ന് നോക്കി വീണ്ടും ക്രോസ് ചെയ്യാന്‍ നോക്കിയ അദ്ദേഹത്തിന്റെ കാലിലുടെ ഒരു കാര്‍ ആണ് ആദ്യം കയറിയത്. റോഡിന്‍റെ നടുവില്‍ മനുഷ്യരെ കണ്ടാല്‍ പോലും ഒന്ന് ബ്രേക്ക്‌ ചെയ്യാന്‍ മടി കാണിക്കുന്ന വാഹനങ്ങളുടെ മുന്നിലേക്ക്‌ ഒരു തവള വന്നു പെട്ടാലുള്ള സ്ഥിതി എന്തായിരിക്കും? ഒരു രണ്ടു മൂന്നു വാഹനങ്ങള്‍ കൂടി കടന്നു പോകേണ്ട സമയമേ വേണ്ടി വന്നുള്ളൂ നമ്മുടെ കഥാനായകന്റെ ദാരുണമായ മരണത്തിന്. അത്രയും നേരം എങ്ങനേലും നമ്മുടെ നായകനെ ഒന്ന് മറുകണ്ടം എത്തിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ച പലരുടെയും (എന്റെയും) പ്രാര്‍ത്ഥനകള്‍ നിഷ്കരുണം തള്ളി കളഞ്ഞ് ദൈവം അദേഹത്തെ അങ്ങ് കൊണ്ട് പോയി.

നായകന്‍ തന്നെ മരിച്ചു പോയ സ്ഥിതിക്ക് ഇനി ഞാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ കഥാനായകന് നിത്യശാന്തി നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു...

Thursday, September 1, 2011

കുടിച്ചു മദിക്കുന്ന കേരളം

ഈ ഒരു ടൈറ്റില്‍ കണ്ടാല്‍ കേരളത്തില്‍ മാത്രമേ കുടിയന്മാരുള്ളൂ എന്ന് തോന്നുമല്ലോ... അല്ല, കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും കുടിയന്മാരുണ്ട്, എന്നാല്‍ ഞാന്‍ ജീവിക്കുന്ന ഈ മണ്ണിലുള്ളവരെ കുറ്റം പറയുന്നതായിരിക്കും കുറച്ചു കൂടി ഉചിതം. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ  ഈ നാട്ടിലുള്ള ഒരു വന്‍ ഭൂരിപക്ഷത്തെ കുറിച്ചാണ് ഞാന്‍  ഇവിടെ പറയുന്നത്. 

പലയിടത്തും വായിച്ച ഒരു സംഗതി പറഞ്ഞു തുടങ്ങാം. ഈ ലോകത്തില്‍ ഏറ്റവും ഐക്യവും സഹോദരസ്നേഹവും ഉള്ള ഒരു സമൂഹമാണ്‌ കുടിയന്മാരുടെത്. അവര്‍ക്ക് ജാതിയോ മതമോ വര്‍ഗമോ എന്നൊന്നും ഭേദമില്ല, എല്ലാ കുടിയന്മാരും അവര്‍ക്ക് ഒരു പോലെയാണ്. ആഹാ, ഇതല്ലേ നമ്മുടെ പല ആചാര്യന്മാരും ആഹ്വാനം ചെയ്തു നടന്നത്. ഒരു ബിവറേജ്നു മുന്നില്‍ എന്തൊരു അച്ചടക്കത്തോടും സൗമനസ്യത്തോടും കൂടിയാണ് ഇവര്‍ നിര നിരയായി നില്‍ക്കുന്നത്. കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഭാവം അങ്ങ് മാറുകയായി. നമ്മുടെ പല നടന്മാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റാത്ത ഭാവങ്ങള്‍ കൂടി ഇവര്‍ നിഷ്പ്രയാസം അങ്ങ് കാണിച്ചു കളയും. കാണിക്കുന്നതില്‍ ഭാവങ്ങള്‍ മാത്രമല്ല, ചിലര്‍ ഭാവങ്ങളുടെ കൂടെ ശരീര ഭാഗങ്ങളും കാണിക്കും. അത് എവിടെയും ആയിക്കോട്ടെ, ഇവര്‍ക്ക് എല്ലാ സ്ഥലവും ഒരു പോലെയാണ്. അത് ബസ്‌ സ്റ്റോപ്പ്‌ ആയാലും ശരി, റോഡിനു നടുവിലായാലും ശരി. സത്യമായിട്ടും, ഇത് തന്നെയല്ലേ സമത്വം. 

പിന്നെ ഈ വര്‍ഗത്തിനുള്ള മറ്റൊരു പ്രത്യേകത, കുടിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്ക് നില്‍ക്കാനും നടക്കാനും ഒരു രണ്ടു ഏക്കര്‍ സ്ഥലമെങ്കിലും  വേണമെന്നുള്ളതാണ്. ഈ കൂട്ടരില്‍ ചിലര്‍ മാന്യന്മാരായി നില്കുമെങ്കിലും  , മറ്റു ചിലര്‍ക്ക് ഒരു കാല്‍ വെച്ചാല്‍ അടുത്തത് വെയ്ക്കാന്‍ ഒരു രണ്ടു മൂന്നു അടി അളന്നു മുറിക്കേണ്ടി വരും. സ്വാഭാവികം, കാല്‍ എവിടെയാണെന്ന് കണ്ടിട്ട് വേണ്ടേ വെയ്ക്കാന്‍. ഒരു ബസിലാണ് ഇവര്‍ കയറിയതെങ്കില്‍ കാര്യം ഉഷാറായി. ബസിനു യാത്രക്കാര്‍ കുടിയന്മാരാണോ എന്നൊക്കെ നോട്ടമുണ്ടോ? നല്ല സ്പീഡില്‍ പറപ്പിച്ചു എവിടെയെങ്കിലും ബ്രേക്ക്‌ ഇടുമ്പോള്‍ കാണാം ബസിനുള്ളിലെ ബഹളം. ഒന്നാമതേ കുടിച്ചതാണ്, ഞാന്‍ ആരാണ് എന്ന് സ്വയം ചോദിക്കുന്ന സമയം, രണ്ടാമത് നില്ക്കാന്‍ പറ്റില്ല, ശരീരമൊക്കെ അങ്ങ് സര്‍ക്കസിലെ അഭ്യസികളുടെത് പോലെ വളയുകയും തിരിയുകയും ചെയ്യുന്ന സമയം. ഇങ്ങനെയുള്ളപ്പോള്‍ ബസ്‌ ബ്രേക്ക്‌ കൂടി ഇട്ടാലുള്ള സ്ഥിതിയോ. ബസ്‌ മൊത്തം അങ്ങ് കറങ്ങി കണ്ടു തിരിച്ചു വരും. ചിലര്‍ അതിനൊന്നും നില്കില്ല, അവര്‍ക്ക് ക്ഷമയുണ്ടാകില്ല, ഒരൊറ്റ ബ്രേക്ക്‌ന്, ദേ, കിടക്കുന്നു.. ഒന്നെങ്കില്‍ നിലത്തു പരവതാനി വിരിച്ച പോലെ. അല്ലെങ്കില്‍  ഏതെങ്കിലും മൂലയ്ക്ക് ഭരണി കമിഴ്ത്തി വെച്ചത് പോലെ. പിന്നെ ഇവരുടെ ഉത്തരവാദിത്തം ബസ്‌ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമാണ്‌. എന്ത് ചെയ്യാനാ, ല്ലേ? 

ചിലര്‍ക്ക് ഈ മദ്യം അങ്ങ് കയറുമ്പോള്‍ എവിടെ നിന്നെന്നില്ലാത്ത ധൈര്യം വരും. മര്യാദയ്ക്ക് നില്ക്കാന്‍ പോലും കഴിവില്ലെങ്കിലും ഇവര്‍ പലരെയും പോരിനു വെല്ലുവിളിക്കുന്നത് കാണാം. തലയില്‍ ഒരു കുടം വെള്ളം കമിഴ്ത്തുമ്പോള്‍, കയറിയ ധൈര്യമൊക്കെ അങ്ങ് ആവിയായി തലയിലൂടെ പോകുന്നതും കാണാം. മറ്റു ചിലര്‍ക്ക് എല്ലാത്തിനോടും പുച്ചമാണ്. തങ്ങളേക്കാള്‍ വലിയവര്‍ ആരുമില്ലെന്നുള്ള ഒരു തോന്നല്‍. അവര്‍ക്ക് ആരെയും പേടിയുണ്ടാകില്ല, പോലീസിനെ ഒഴിച്ച്.  മറ്റൊരു കൂട്ടരുടെ ഇഷ്ട വിനോദം എന്ന് പറയുന്നത് വാള് വെയ്ക്കലാണ്. ആരെങ്കിലും കൂട്ടിനുണ്ടെങ്കില്‍ കൂട്ടമായി വാള് വെയ്ക്കല്‍ മത്സരം തന്നെയങ്ങ് നടത്തി കളയും ഈ പുള്ളികള്‍. നിരപരാധികളുടെ മേല്‍ വാള്‍ വെച്ച് തല്ലു വാങ്ങി കൂട്ടുന്നത്‌ ഇവരുടെ വിനോദത്തിന്റെ ഭാഗമാണ്. ഈ കിട്ടുന്ന തല്ലൊക്കെ തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ നേരെ വീട്ടില്‍ ചെന്ന് കയറി ഭാര്യയുടെ മുതുകത്തിട്ട്‌ തീര്‍ക്കും ആ അരിശം. ചിലപോഴൊക്കെ മക്കളുടെ മേലും ഇതങ്ങു തീര്‍ക്കും. 

ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലും മദ്യപന്മാരുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു ടീം ഉണ്ട്. മറ്റാരും അല്ല, നമ്മുടെ മാധ്യമങ്ങള്‍ തന്നെ. ഉത്സവ സീസണില്‍ മദ്യ വില്പന റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഇവരുടെ പ്രധാന വാര്‍ത്തയാണ്. ഇത് കാണുന്ന കുടിയന്മാര്‍ക്കുണ്ടാകുന്ന ആത്മസംതൃപ്തി   എന്ത് മാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ഈ റെക്കോര്‍ഡ്‌ അടുത്ത വട്ടം തകര്‍ക്കണമെന്ന ലക്ഷ്യത്തോട് കൂടി ഇവര്‍ മുന്നേറുമ്പോള്‍ ആര്‍ക്കാണ് ഇവരെ തടയാന്‍ കഴിയുക? ഈ ഓണത്തിനും മദ്യവില്പന റെക്കോര്‍ഡുകള്‍ തകര്‍ത്തു പുതിയ ഉയരങ്ങളില്‍ എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം. കുടിയന്മാരില്ലാത്ത കേരളമോ ഇന്ത്യയോ പണ്ട് ആരെങ്കിലും വിഭാവനം ചെയ്തിരുന്നോ ആവൊ.

 ശുഭരാത്രി...

Wednesday, August 3, 2011

പവിത്രമായ ബന്ധങ്ങള്‍ തകരുമ്പോള്‍...

ഈ ലോകത്തില്‍ ഏറ്റവും പവിത്രമായ ചില ബന്ധങ്ങളാണ് അമ്മയും മകനും, അച്ഛനും മകളും, ഭര്‍ത്താവും ഭാര്യയും, ഒരു കാമുകനും കാമുകിയും തുടങ്ങിയവ. ഇന്ന് ഉച്ച വരെയും ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ എഴുതാന്‍ വിചാരിച്ചിരുന്നില്ല. പലപ്പോഴും ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്റെ മനസ്സിലിരുന്നു നീറി പുകഞ്ഞിട്ടുണ്ട്. ഞാന്‍ കുറെ വൈകി പോയെന്നു മനസിലാക്കുന്നു. പക്ഷെ ഇത് ഇങ്ങനെയെങ്കിലും ഇവിടെ പോസ്റ്റ്‌ ചെയ്തില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനം കിട്ടില്ല.

പത്രങ്ങള്‍ എടുത്തു നോക്കുമ്പോള്‍ തന്നെ ഇന്നത്തെ കാലത്ത് കാണാന്‍ പറ്റുന്നത് പീഡന വാര്‍ത്തകളാണ്. കുറച്ചു ദിവസങ്ങളായി അതിനു ആക്കം കൂടുതലുമാണ്. പറവൂര്‍ പീഡന കേസ് ഇങ്ങനെ ചിന്തിക്കപ്പെടെണ്ടത് തന്നെയല്ലേ? ഈ കേസില്‍ ഒരു 16 വയസ്സായ , നമ്മുടെയൊക്കെ സഹോദരിമാരുടെ പ്രായമുള്ള ഒരു കുട്ടിയാണ് ഇത്തരത്തില്‍ പീഡിപ്പിക്കപെട്ടത്‌. അതും നൂറു ആളുകളില്‍ കൂടുതല്‍ പേര്‍ ആ ബാല്യം ഉഴുതു മറിച്ചത്. അതും പോരാതെ ഇതിനൊക്കെ കൂട്ട് നിന്നതും എല്ലാവര്ക്കും എത്തിച്ചു കൊടുത്തതും ജന്മം കൊടുത്ത പിതാവ് തന്നെയാകുമ്പോള്‍ മലയാളികളുടെ സംസ്കാരം എത്രത്തോളം താഴ്ന്നു പോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എങ്ങനെയാണു ഇയാള്‍ക്ക് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ തോന്നിയത്? സ്വന്തം മകളുടെ മുഖത്ത് നോക്കുമ്പോള്‍ ഒരു പിതാവിന് തോന്നേണ്ട വാത്സല്യം കാമമാകുമ്പോള്‍ ഇങ്ങനെയും സംഭവിക്കാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കൂടിയാകുമ്പോള്‍ അത് മകളായാലും, ഭാര്യയായാലും, കമുകിയായാലും, അവരെ നമ്മുടെ കളങ്കപെട്ട സമൂഹത്തില്‍ വിറ്റ് നേടിയാലും കുഴപ്പമില്ല എന്ന അവസ്ഥയാകുന്നു. 


ഒരു കുട്ടിയുടെ മനസ്സില്‍ രക്ഷിതാക്കളെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെഴുതാന്‍ ഇത്തരം സംഭവങ്ങള്‍ വഴി വെച്ചേക്കാം. തനിക്കു ലഭിക്കേണ്ട സംരക്ഷണം, അത് നല്‍കേണ്ടവര്‍ തന്നെ ദുരുപയോഗം ചെയ്യുമ്പോള്‍ ഇങ്ങനെ മാറി ചിന്തിചില്ലെങ്കിലെ അല്‍ഭുതം ഉള്ളു. പഠിത്തവും കളികളും ജീവിതവും സ്വപ്നം കണ്ടു നടക്കേണ്ട ഈ ചെറു പ്രായത്തില്‍ അവരെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്‌ ഇന്നത്തെ നാണവും മാനവും അശേഷം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരം കുറച്ചു ജന്മങ്ങള്‍. ഇത്തരക്കാരെ നശിപ്പിക്കുനതിനു പകരം അവര്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന ഒരു നിയമം കൂടി ഈ നാട്ടില്‍ ഉള്ളപ്പോള്‍ ഇവിടെ ആര്‍ക്കും എന്തും ആകാം. മനോരമ പത്രത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു വന്നു കൊണ്ടിരിക്കുന്നു. അതില്‍ കണ്ടതാണ്, ഒരു പയ്യന്‍, സ്വന്തം അമ്മയുടെ ചിത്രങ്ങള്‍ ഒളിക്യാമറ വച്ച് പകര്‍ത്തി അത് ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെടുത്തി പണം സമ്പാദിച്ചെന്നുളള വാര്‍ത്ത‍. ഈ സമൂഹത്തിനു എന്താണ് ബാധിച്ചിരിക്കുന്നത്? പത്തു മാസം ചുമന്നു നൊന്തു പെറ്റ അമ്മയെ പോലും കച്ചവടചരക്കാക്കുന്ന കുട്ടികള്‍.

ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന മറ്റൊരു കാര്യമാണ് പ്രണയം. പ്രണയത്തിന്റെ മറവില്‍ നടക്കുന്ന കച്ചവടങ്ങള്‍ക്ക് കൈയും കണക്കുമില്ല. പ്രണയത്തിനു ചൂടേറുമ്പോള്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തല്‍ ആകുന്നു. കാമുകിയോട് സ്വയം കണ്ടു നിന്നെ ഓര്‍മ്മിക്കാന്‍ ആണെന്ന് പറഞ്ഞു നേരെ പോകുന്നത് ഇന്റര്‍നെറ്റ്‌ കഫെയിലെക്കോ സുഹൃത്തുക്കളുടെ അടുത്തേക്കോ തന്നെ. സൈറ്റ്കളില്‍ അപ്‌ലോഡ്‌ ചെയ്യലാണ് അടുത്ത പരിപാടി, അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴി തന്റെ സുഹൃത്തുക്കള്‍ക്കും അത് വഴി നാട്ടിലെങ്ങും തന്റെ വീര സാഹസിക കഥ പരത്തല്‍. ഇതെല്ലാം കാമുകി അറിയുന്നതോ, എല്ലാവരും കണ്ടു, അവരുടെ പരിഹാസ നോട്ടങ്ങളും കമന്റ്‌കളും തന്റെ നേര്‍ക്ക്‌ വരുമ്പോള്‍. വൈകിപ്പോയി. ഒരൊറ്റ മാര്‍ഗം മാത്രം മുന്നില്‍, ആത്മഹത്യ. എല്ലാത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍. നഷ്ടപ്പെടുന്നത് അന്ന് വരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക്. നേട്ടം ഉണ്ടാകുന്നതു ഇത്തരം കാര്യങ്ങള്‍ നെറ്റില്‍ പരതി വലയുന്നവര്‍ക്ക്. എന്തിനായിരുന്നു ഇത്? ആര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം.